kayalpuram

വർക്കല: ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇലകമൺ ഗ്രാമപഞ്ചായത്തിലെ കായൽപുറത്ത് ആരംഭിക്കുന്ന ഗ്ലോബൽ ആയുർവേദ വില്ലേജിനുള്ള സ്ഥലമെടുപ്പ് അന്തിമഘട്ടത്തിൽ. 85 ശതമാനം പ്രദേശവാസികളും പദ്ധതിക്കായി ഭൂമി വിട്ടുനൽകിയിട്ടുണ്ട്. ആരോഗ്യ ടൂറിസം വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് വിദഗ്ദ്ധസംഘം സമർപ്പിച്ച സ്ഥലത്തിന്റെ വിശദമായ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. കായൽ ടൂറിസത്തിന്റെ വിശാല സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ പദ്ധതിക്ക് കഴിയുമെന്നായിരുന്നു വിദഗ്ദ്ധസംഘം സർക്കാരിന് നൽകിയ റിപ്പോർട്ട്. തുടർന്ന് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്തി കല്ലുകളും നാട്ടി. അഞ്ച് വിഭാഗമായി തിരിച്ചാണ് ഭൂമിക്ക് സർക്കാർ വില നിശ്ചയിച്ചത്. പുരയിടത്തിനും നിലത്തിനും പ്രത്യേകം വില നിർണയിച്ചിരുന്നു. ഭൂഉടമകൾ അംഗീകരിക്കാത്തതിനെ തുടർന്ന് പലതവണ വില പുനർ നിശ്ചയിച്ചെങ്കിലും ഉടമകൾ അംഗീകരിച്ചില്ല. വിലയുടെ കാര്യത്തിൽ ധാരണയാകാതെ വന്നതോടെ ഉഭയകക്ഷി സമ്മതപ്രകാരം വിലയാധാരം നടത്താൻ കഴിയാതെവന്നു. പിന്നീട് 2017ൽ വി. ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വസ്‌തു ഉടമകളുമായി ചർച്ച നടത്തി ഭൂമി ഏറ്റെടുക്കുകയായിരുന്നു. വ്യവസായ വകുപ്പ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസി കിൻഫ്രയാണ്.

ഇലകമൺ ഗ്ലോബൽ ആയുർവേദ വില്ലേജിന്റെ സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. ഉടമകളിൽ ഭൂരിഭാഗവും സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. ആധാരങ്ങളുടെ ക്ലിയറൻസ് കൂടി കിട്ടേണ്ടതുണ്ട്. സ്ഥലമെടുപ്പ് പൂർത്തീകരിച്ച് പദ്ധതി എത്രയും പെട്ടെന്ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.


അഡ്വ. വി.ജോയി എം.എൽ.എ.

പദ്ധതിയിലുള്ളത്
-------------------------
ഗ്ലോബൽ വില്ലേജും കിൻഫ്രയുടെ അപ്പാരൽ പാർക്കും ആയുർവേദ വില്ലേജ് പദ്ധതിയിൽ ഉണ്ടാകും. ഇന്ത്യയ്‌ക്കകത്തും പുറത്തും നിന്നുമെത്തുന്ന സഞ്ചാരികൾക്ക് ആയുർവേദ ചികിത്സയും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. ഇതിന് ആവശ്യമായ ഔഷധ സസ്യങ്ങളുടെ തോട്ടവും കൃഷിയും പരിപാലനവും ആയുർവേദ മരുന്ന് നിർമ്മാണത്തിനായി പ്ലാന്റും ഇവിടെ സ്ഥാപിക്കും. ഔഷധ സസ്യങ്ങളുടെ കൃഷിക്കും പരിപാലനത്തിനും മാത്രമായി സ്ത്രീ കൂട്ടായ്‌മയുടെ സേവനം ഉറപ്പാക്കും വിധത്തിലാണ് പദ്ധതി. ട്രീറ്റ്മെന്റ് സെന്റർ, റിസർച്ച് സെന്റർ ഉൾപ്പെടെയുളള ഫിനിഷിംഗ് സ്‌കൂൾ, ആയുർവേദ വെൽനസ് സെന്റർ, ഫിസിക്കൽ ഫിറ്റ്നസ് സെന്റർ, യോഗ, മെഡിറ്റേഷൻ കേന്ദ്രം എന്നിവയും ഉണ്ടാകും.