kseb

തിരുവനന്തപുരം: കാലതാമസം കൂടാതെ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള കെ.എസ്.ഇ.ബിയുടെ ഗ്രീൻചാനൽ സംവിധാനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഘട്ടം ഘട്ടമായി ഇത് എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലഭ്യമാക്കും. കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലെ ഗ്രീൻചാനൽ ഫോർ എച്ച്.ടി/ ഇ.എച്ച്.ടി കൺസ്യൂമേഴ്സ് എന്ന ഏകജാലക സംവിധാനം വഴി പുതിയ കണക്ഷന് അപേക്ഷിക്കാം. ഫീൽഡ് വെരിഫിക്കേഷനും തുടർപ്രവർത്തനങ്ങളുടെ പുരോഗതിയും അപേക്ഷകന് എസ്.എം.എസ് ആയി ലഭിക്കും. ഉന്നതോദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. വൈദ്യുതോത്പാദനം വർദ്ധിപ്പിക്കുന്നിന്റെ ഭാഗമായി 1003 മെഗാവാട്ടിന്റെ സൗരോർജ വൈദ്യുതി ഉത്പാദനം ലക്ഷ്യമിടുന്നുണ്ടെന്നും ഇടുക്കിയിൽ രണ്ടാമത് പവർഹൗസ് കൂടി സ്ഥാപിക്കാനുള്ള സാദ്ധ്യതാ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ 11 കോടി എൽ.ഇ.ഡി ബൾബുകളും ട്യൂബുകളും വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ഇ - സേഫ് പദ്ധതിയും നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടർ എൻ.എസ്. പിള്ള, ബോർഡ് ഡയറക്ടർമാർ തുടങ്ങിയവരും പങ്കെടുത്തു.