നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിൽ 2019-20 ലെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതി 7 കോടി 56 ലക്ഷം രൂപയുടെ 133 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഉത്പാദന മേഖലയിൽ 1 കോടി 8 ലക്ഷം രൂപയും സേവന മേഖലയിൽ 3 കോടി 67 ലക്ഷം രൂപയും പശ്ചാത്തലമേഖലയിൽ 2 കോടി 80 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 67 ലക്ഷം രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് 44ലക്ഷം, മൃഗസംരക്ഷണമേഖലയ്ക്ക് 30ലക്ഷം, ക്ഷീരവികസനത്തിന് 22ലക്ഷം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് 10ലക്ഷം, ലൈഫ് ഭവന പദ്ധതിക്ക് 60ലക്ഷം, ഭവന പുനരുദ്ധാരണത്തിന് 15ലക്ഷം, അജൈവമാലിന്യ സംസ്കരണത്തിന് 6 ലക്ഷം, ഗാർഹിക മാലിന്യ സംസ്കരണത്തിന് 7 ലക്ഷം, അംഗൻവാടി പ്രവർത്തനങ്ങൾക്ക് 35 ലക്ഷം, ബഡ്സ് സ്ക്കൂൾ-പകൽ വീട് എന്നിവയ്ക്ക് 11 ലക്ഷം, എന്നിങ്ങനെ വകയിരുത്തി. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്ക്കോളർഷിപ്പ് നല്‍കുന്നവർക്കുള്ള ‘സ്നേഹസ്പർശം’ പദ്ധതിയ്ക്ക് 10ലക്ഷം, ശിശു സൗഹൃദ പ്രവർത്തനങ്ങൾക്ക് 1ലക്ഷം, വയോജന സൗഹൃദ പ്രവർത്തനങ്ങൾക്ക് 1ലക്ഷം, പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 10ലക്ഷം, ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് 7ലക്ഷം, അംഗൻവാടികൾ ബാലസൗഹൃദമാക്കുന്നതിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 6ലക്ഷം, റോഡുകളുടെ നവീകരണത്തിനായി 1കോടി 43ലക്ഷം എന്നിങ്ങനെയും തുക നീക്കിവച്ചിട്ടുണ്ട്. ലൈഫ് പദ്ധതി അനുസരിച്ച് 173 വീടുകൾക്ക് ആദ്യഘട്ടം തുക കൈമാറികഴിഞ്ഞു. ബാക്കിയുള്ള ഭവനങ്ങൾക്കുള്ള 10കോടി 31ലക്ഷം രൂപ ഹഡ്കോയിൽ നിന്ന് വായ്പയായി അനുവദിച്ചിട്ടുണ്ട്.