ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച പ്രീ പെയ്ഡ് ആംബുലൻസ് കൗണ്ടർ സംവിധാനത്തിലെ പാളിച്ച പരിഹരിക്കാത്തത് വെല്ലുവിളിയാകുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായാണ് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ആശ്വാസമായി ഈ സംവിധാനം നിലവിൽ വന്നത്. ട്രെയൽ റൺ നടത്തി പ്രശ്നങ്ങൾ പരിഹരിച്ച ശേഷം പ്രവർത്തനം കുറ്റമറ്റതാക്കുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ല. പൊലീസിന്റെ നിയന്ത്രണത്തിൽ പ്രീ പെയ്ഡ് കൗണ്ടർ പ്രവർത്തിച്ചാൽ മാത്രമേ കാര്യങ്ങൾ സുഗമമാകൂ എന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നത്. എന്നാൽ എച്ച്.ഡി.എസിന് അധിക വരുമാനം ലഭിക്കുന്ന സംവിധാനം വിട്ടുകളയാൻ അധികൃതരും തയ്യാറല്ല. രോഗികൾക്ക് പോകേണ്ട സ്ഥലം കൗണ്ടറിലെ ജീവനക്കാരെ അറിയിച്ചാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റേറ്റ് പ്രിന്റ് ചെയ്‌ത സ്ലിപ് ലഭിക്കും. ഇതിൽ ആംബുലൻസിന്റെ വിവരങ്ങളും ഉണ്ടാകും. രോഗിയുമായി എത്തി ആംബുലൻസിന്റെ സേവനം ഉപയോഗിക്കാം. വീടുകളിൽ എത്തിയ ശേഷം സ്ലിപ്പിൽ പ്രിന്റ് ചെയ്തിട്ടുള്ള പണം മാത്രം നൽകിയാൽ മതിയെന്നാണ് ജീവനക്കാർ പറഞ്ഞുവിടുന്നതെങ്കിലും നാലും അഞ്ചും കിലോമീറ്റർ കൂടുതൽ ഓടി, റൂട്ട് മാറി ഓടി എന്ന് പറഞ്ഞു അധികം തുക വാങ്ങുന്നതായും ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എ.ടി, ശ്രീചിത്ര മെഡിക്കൽ സെന്റർ, റീജിയണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലെ രോഗികളാണ് ഇവിടത്തെ സേവനം പ്രധാനമായും ഉപയോഗിക്കുന്നത്. പൊലീസ് ജാഗ്രത പാലിച്ചില്ലെങ്കിൽ പ്രീപെയ്ഡ് കൗണ്ടറിന് മുന്നിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തൽ.

ചില ആംബുലൻസുകാർ ക്യൂ സംവിധാനം പാലിക്കാതെ ഡിസ്ചാർജാകുന്ന രോഗികളെ ചാക്കിട്ടു പിടിച്ച് കൊണ്ടുപോകുന്നതും തടയാനായില്ല. ഒരേസമയം രണ്ട് ആംബുലൻസുകൾ ക്യൂ പാലിച്ച് പാർക്ക് ചെയ്യാൻ അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നും നാലും ആംബുലൻസുകളാണ് പാർക്ക് ചെയ്യുന്നത്. ടേൺ എത്തുന്ന ആംബുലൻസിൽ രോഗിയെ കയറ്റാതെ അവരുടെ മറ്റൊരു ആംബുലൻസ് പുറത്ത് പാർക്ക് ചെയ്‌ത രോഗികളെ കയറ്റിക്കൊണ്ടു പോകുന്നതായും ആക്ഷേപമുണ്ട്. പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തന സജ്ജമായതിന് ശേഷവും കമ്മിഷൻ നൽകി ആളുകളെ പിടിക്കുന്ന ഏജന്റുമാരെ നിലയ്ക്ക് നിറുത്താനുമായിട്ടില്ല. പ്രീപെയ്ഡ് ആംബുലൻസ് കൗണ്ടറിൽ നിന്നു പ്രിന്റ് ചെയ്ത് നൽകുന്ന തുകയെക്കാൾ കുറഞ്ഞ തുകയ്ക്ക് ഓട്ടം പിടിക്കുന്നതും നിത്യ സംഭവമായിട്ടുണ്ട്. മിക്ക ദിവസവും ഇത് സംബന്ധിച്ച് തർക്കവും കൈയാങ്കളിയുമാണ് ഇവിടെ അരങ്ങേറുന്നത്. തൊട്ടടുത്ത് പൊലീസ് എയിഡ് പോസ്റ്റ് ഉള്ളതിനാലാണ് ഇതുവരെ പ്രശ്‌നം രൂക്ഷമാകാതിരുന്നത്.