ldf-rally

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയും കാസർകോട് മുതൽ തിരുവനന്തപുരം വരെ രാഷ്ട്രീയപ്രചാരണ ജാഥയ്‌ക്ക് തയ്യാറെടുക്കുന്നു. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതിനുള്ള ധാരണയായി. 17ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ജാഥാ ക്യാപ്ടൻ, അംഗങ്ങൾ, തീയതി എന്നിവയടക്കമുള്ള വിശദാംശങ്ങൾ തീരുമാനിക്കും.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യാത്ര നടത്തുന്ന ഫെബ്രുവരിയിൽ തന്നെയാവും ഇടതുമുന്നണിയുടെയും പ്രചാരണയാത്ര. ഇതോടെ ഫെബ്രുവരി ആദ്യവാരം തന്നെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും.

ഇടതുമുന്നണി സംവിധാനത്തിലൂന്നി രാഷ്ട്രീയ പ്രചാരണ സംവിധാനം മുന്നോട്ട് നീക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും രാഷ്ട്രീയ പ്രചാരണജാഥയിലേക്ക് നീങ്ങണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്. അവരും ഈ നിർദ്ദേശം മുന്നണിയോഗത്തിൽ ഉന്നയിക്കും.

മുന്നണിയിൽ പുതുതായെത്തിയ നാല് ഘടകകക്ഷികൾക്കുള്ള വരവേല്പ് കൂടി ലക്ഷ്യമിട്ടാണ് 17ന് യോഗം ചേരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണപരിപാടികൾ ആലോചിക്കുകയാണ് മുഖ്യ അജൻഡ. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് ചർച്ച നീങ്ങാനിടയില്ല. എന്നാൽ പുതുതായെത്തിയ ഘടകകക്ഷികളിൽ ചിലർ സീറ്റുകൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും യോഗത്തിൽ ആരും ഇതാവശ്യപ്പെടാനിടയില്ല.

ഫെബ്രുവരി രണ്ട് മുതൽ 27 വരെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രചാരണജാഥ. ഈ മാസം 23ന് നടക്കുന്ന സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് ഉപരോധങ്ങളാകും തിരഞ്ഞെടുപ്പിന് മുമ്പായി യു.ഡി.എഫ് നടത്തുന്ന അവസാനത്തെ വിപുലമായ സമരപരിപാടി.