hp

കല്ലറ: നാട്ടിലെ പഴയ പാലങ്ങൾ അപകടാവസ്ഥയിൽ. ബ്രീട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച പാലങ്ങളടക്കമാണ് കാലപ്പഴത്തിൽ അപകടാവസ്ഥയിൽ ആയിരിക്കുന്നത്.

പാലങ്ങളിലൂടെയുള്ള യാത്ര നാട്ടുകാർക്കിപ്പോൾ ഞാണിൻമേൽ കളിയാണ്. സർവീസ് ബസുകൾക്ക് പുറമേ മുപ്പതും നാല്പതും ടൺ ഭാരം കയറ്റി വരുന്ന വലിയ ടോറസുകൾ വരെ കടന്ന് പോകുന്ന പാലങ്ങളാണ് തകർന്നത്.

നൂറ് വർഷത്തിന് മേൽ പ്രായമുള്ള മുതുവിളയിലെ ഹാരിസ് പാലത്തിന്റ മുകൾ ഭാഗം ഭാഗികമായി തകർന്നു. പാലത്തിന് വീതി കഷ്ടിച്ച് നാലടി മാത്രം. റോഡിന്റെ വീതി ഇതിന്റെ ഇരട്ടിയും. മുൻപ് റോഡിനേക്കാൾ വീതി പാലത്തിനായിരുന്നു. മിതൃമ്മല മുളയിൽ കോണത്തെ പാലത്തിന്റെ പാർശ്വ ഭിത്തികളിൽ ഒരെണ്ണം മഴയത്ത് ഒലിച്ച് പോയി. പാലം ഇപ്പോൾ പിസാ ഗോപുരം പോലെ ചരിഞ്ഞാണ് നിൽപ്പ്.

പാലോട് പാണ്ഡ്യാൻ പാറയ്ക്ക് സമീപമുള്ള കലുങ്കിന് കൈവരി കാട്ടുകമ്പുകളാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നി‌ർമ്മിച്ച ഈ കലുങ്കിന് ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഭരതന്നൂർ ജംഗഷനിലുള്ള പി.ഡബ്ളിയു.ഡി വക പാലവും ഏത് നിമിഷവും നിലം പൊത്താം എന്ന അവസ്ഥയിലാണ്. മുപ്പത് വർഷത്തോളം പഴക്കമുള്ള പാലമാണിത്. പാലത്തെ താങ്ങി നിർത്തുന്ന പാർശ്വ ഭിത്തികളിൽ ഒരു ഭാഗം പൊട്ടി മാറുകയും അടി ഭാഗത്തെ കല്ലു കെട്ടുകൾ ഇളകി ഒലിച്ച് പോവുകയും ചെയ്തു. പാലത്തിന്റെ പൊട്ടിയ പാർശ്വഭിത്തിയിൽ അടുത്തയിടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അപകട ഭീഷണി ഒഴിവായിട്ടില്ല.

പാങ്ങോട് -ചിതറ റോഡിൽ ഭജനമഠത്തിന് സമീപമുള്ള പുതുശ്ശേരി പാലത്തിന് 85 വർഷത്തോളം പഴക്കമുണ്ട്. അടിഭാഗങ്ങളും പാർശ്വ ഭിത്തികളും തകർന്ന് ഏത് സമയവും നിലം പൊത്താമെന്ന അവസ്ഥയിലാണിപ്പോൾ. തിരുവനന്തപുരം- കൊല്ലം ജില്ലാതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. റോഡ് നവീകരണത്തിനൊപ്പം പാലം നവീകരണത്തിനും ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.