airport

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനുള്ള ലേലത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി, സൗകര്യങ്ങൾ കണ്ടറിയാനെത്തിയ ജി.എം.ആർ എയർപോർട്ട് ലിമിറ്റഡ് കമ്പനി ഉദ്യോഗസ്ഥരെ വിമാനത്താവളത്തിലെ ജീവനക്കാർ രണ്ടരമണിക്കൂർ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ പത്തരയോടെ എത്തിയ നാല് ഉദ്യോഗസ്ഥരെ എയർപോർട്ട് ഡയറക്ടറുടെ മുറിക്കുള്ളിൽ തടഞ്ഞുവച്ച് മുന്നൂറോളം വരുന്ന എയർപോർട്ട് അതോറിട്ടി ജീവനക്കാർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ജി.എം.ആർ ഗ്രൂപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാരുമായി ചർച്ച നടത്തി തിരിച്ചുപോവുകയാണെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെതിരെ 51ദിവസമായി ജീവനക്കാർ സമരം നടത്തുകയാണ്. ലേലനടപടികൾ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു വിമാനത്താവള നടത്തിപ്പ് കമ്പനി ഇവിടെ എത്തിയത്. വിമാനത്താവളവും ഭൂമിയും 50 വർഷത്തേക്ക് പാട്ടത്തിനു നൽകാനാണ് കേന്ദ്രതീരുമാനം. സ്വകാര്യവത്കരണത്തിനാണെങ്കിൽ നേരത്തേ സമ്മതിച്ച 18.30 ഏക്കർഭൂമി നൽകില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. വിമാനത്താവളത്തിന്റെ നടത്തിപ്പിനും വികസനത്തിനുമായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്നപേരിൽ കമ്പനി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. വിമാനത്താവളം എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ നിലനിറുത്തണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജി.എംആർ ഗ്രൂപ്പിനാണ്.