തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ നിയമസഭയും സാക്ഷരതാമിഷനും ചേർന്ന് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരത ജനകീയവിദ്യാഭ്യാസ പരിപാടിയുടെ സമാപനം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനായുള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ വർക്കിംഗ് ചെയർമാനായും മേയർ വി.കെ.പ്രശാന്ത്, എം.എൽ.എ മാരായ വി.എസ്.ശിവകുമാർ, കെ.മുരളീധരൻ, ഒ.രാജഗോപാൽ, എം.വിൻസെന്റ്, ശശി തരൂർ എം.പി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി നഹാസ് എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു.
സാക്ഷരതാമിഷൻ അസി.ഡയറക്ടർ കെ.അയ്യപ്പൻനായർ ജനറൽ കൺവീനറായുള്ള കമ്മിറ്റിയെയും തിരഞ്ഞെടുത്തു. 8 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനാ സംരക്ഷണസംഗമത്തിൽ 25000 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.