കാട്ടാക്കട: കോട്ടൂർ അഗസ്ത്യവന മേഖലയോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യമൃഗശല്യം കാരണം ദുരിതത്തിലാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിയും മറ്റും നശിപ്പിക്കാൻ തുടങ്ങിയതോടെ ഏക്കറുകണക്കിന് ഭൂമിയാണ് കൃഷിയിറക്കാതെ തരിശുഭൂമിയായി ഇട്ടിരിക്കുന്നത്. കുറ്റിച്ചൽ, ആര്യനാട്, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിൽ വന്യമൃഗങ്ങളായ കാട്ടാനകളും കാട്ടുപന്നികളും നാട്ടിൻപ്രദേശങ്ങളിൽ വിഹരിക്കുകയാണ്. സ്വന്തം ഭൂമിയുണ്ടായിട്ടും കൃഷിയിറക്കാൻ കഴിയാതെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. കർഷകർ പല തവണ അധികർതർക്ക് പരാതി നല്കിയിട്ടും ആരും തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. ആരും തിരിഞ്ഞുനോക്കാതായതോടെയാണ് വന്യമൃഗ ശല്യത്തിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ച് സമരപരിപാടികൾ നടത്തുമെന്ന് പ്രദേശവാസികൾ അറിയിച്ചു.

 നട്ടംതിരിഞ്ഞ് കർഷകർ

വന്യമ‌ൃഗശല്യം രൂക്ഷമായതോടെ പല കർഷകരും നാണ്യവിളകളിലേക്ക് തിരിഞ്ഞു. എന്നിട്ടും കർഷകർക്ക് രക്ഷയില്ല. നാണ്യവിളകളെ ലക്ഷ്യമിട്ട് കുരങ്ങുകളും കാട്ടുപന്നികളും മാനുകളും വരുത്തുന്ന നാശനഷ്ടം വേറെയാണ്.

കാട്ടാനകളുടെ ശല്യം കാരണം ആര്യനാട്, കുറ്റിച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളിലെ ഗ്രാമീണ മേഖകളിലെ മരിച്ചീനി, വാഴ കൃഷികളും നിലച്ചു. മീനാങ്കൽ, കുട്ടപ്പാറ, പറണ്ടോട് കോട്ടൂർ, ഉത്തരംകോട്, പാങ്കാവ്, പുളിനിന്നകാല ഈഞ്ചപ്പുരി, ശംഭുതാങ്ങി, സ്വർണ്ണക്കോട്, കാപ്പുകാട്, വ്ളാവെട്ടി പ്രദേശങ്ങളിൽ കാട്ടാനശല്യവും കാട്ട് പോത്ത്, മുള്ളൻ പന്നി, മ്ലാവ്എന്നിവയുടെ ശല്യവും രൂക്ഷമാണ്. ഈ പ്രദേശങ്ങളിലെ കർഷകർ കൃഷിയിറക്കിയിട്ട് വർഷങ്ങളായി. പലയിടങ്ങളിലും താത്കാലിക വേലികൾ നിർമ്മിച്ച് കൃഷിയിറക്കുന്നതുപോലും കാട്ടുമൃഗങ്ങൾ നശിപ്പിക്കുകയാണ്.

 കൃഷി നാശം വ്യാപകം

റബർ കർഷകർക്ക് ഏറെ നാശം വിതയ്ക്കുന്നത് മുള്ളൻ പന്നിയും, മാനുകളുമാണ്. റബർ മരങ്ങൾ നട്ട് ആദ്യനാളുകളിൽ മാനുകളും ടാപ്പിംഗിന് പാകമാകാറായപ്പോൻ തൊലി കടിച്ച് മുള്ളൻ പന്നികളുമാണ് റബർ മരങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത്. കൃഷിനാശം വന്നതോടെ ഈ പ്രദേശത്തെ ജനങ്ങൾക്ക് ഉപജീവനം നടത്താൻ പോലും കഴിയാത്ത സ്ഥിതിയിലായി.

 പട്ടിണി മാത്രം മിച്ചം

കർഷകർ പടക്കം പൊട്ടിച്ചാണ് വന്യ മൃഗങ്ങളെതുരത്തിയിരുന്നത്. എന്നാൽ കൃഷി നശിപ്പിക്കുന്ന വന്യമൃങ്ങളെ ആക്രമിച്ചതിനും കൊല്ലുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്കെതിരേ വന്യമൃഗവേട്ടയ്ക്ക് കേസെടുക്കാൻ തുടങ്ങി. ഇതോടെ കർഷകർക്ക് പ്രതിരോധത്തിനും പറ്റാത്ത അവസ്ഥയായി. വന്യമൃഗങ്ങൾ നാടിറങ്ങി വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നതും വളർത്തുമൃഗങ്ങൾക്ക് അസുഖങ്ങൾ പിടിപെടുന്നതുകാരണം വനാതിർത്തികളിലെ ആളുകൾ കാലിവളർത്തലും ഉപേക്ഷിച്ചു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപജീവന മാർഗ്ഗമായ കൃഷിയും കന്നുകാലി വളർത്തലും ഇല്ലാതായതോടെ പ്രദേശത്തെ ജനങ്ങൾക്ക് പട്ടിണിമാത്രമാണ് മിച്ചം.