ആലപ്പുഴ: അമ്പലപ്പുഴ കിഴക്കേ കുമ്മനാട്ട് വീട്ടിൽ ഷാജിമോനെ (30) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയ്ക്കും അഡീഷണൽ സെഷൻസ് മൂന്നാം കോടതി ജഡ്ജി കെ.അനിൽകുമാർ ശിക്ഷിച്ചു. അമ്പലപ്പുഴ പുന്നക്കോവിൽ ചിറയിൽ കൃഷ്ണകുമാർ (ലുട്ടാപ്പി ഷാജി 46), ബന്ധുവായ കരുണാകരൻ നായർ (കണ്ണൻ 42), എടത്വ തലവടി മംഗലതറ മനോജ് (41) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴത്തുക ഷാജിമോന്റെ അമ്മ കുമാരിക്ക് നൽകണം.

കേസിൽ കൂറുമാറി പ്രതിഭാഗം ചേർന്ന ഷാജിമോന്റെ അച്ഛൻ കുമാരുവിനെതിരെ (50), കോടതിയിൽ കളവ് പറഞ്ഞതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. 1999 ഏപ്രിൽ 11 ന് പുലർച്ചെ മൂന്നരയോടെ അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ട് ഘോഷയാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനിടയിലാണ് ഷാജിമോന് കുത്തേറ്റത്. കച്ചവടക്കാരനായ ഷാജിമോനിൽ നിന്ന് ഈന്തപ്പഴം വാങ്ങിയതിന്റെ പണം പ്രതികൾ നൽകിയില്ല. തുടർന്ന് നടന്ന വഴക്കിൽ അമ്പലപ്പുഴ ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് ഷാജിമോനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജിമോൻ ആറാം ദിവസം മരിച്ചു.