സംവരണത്തിന് വിജ്ഞാനകോശങ്ങളിലില്ലാത്ത ഒരു നിർവചനമാണ് മുന്നാക്ക വിഭാഗക്കാർ നൽകിയിരുന്നത്. 'ബുദ്ധിയുടെ പോരായ്മ പരിഹരിക്കാനുള്ള ഒരു അനാവശ്യ ഏർപ്പാട് "എന്നായിരുന്നു പരിഹാസം. ഭൂതകാലത്തിന്റെ ശേഷിപ്പായ സാമൂഹിക അനീതിക്ക് ഒരു പരിഹാരമാണ് സംവരണമെന്ന വാദഗതിയെ പരമപുച്ഛത്തോടെ തള്ളിക്കളയുമായിരുന്നു. എന്തൊക്കെയായിരുന്നു പരിഹാസങ്ങൾ. 100 മീറ്റർ ഓട്ടമത്സരത്തിൽ പിന്നാക്ക വിഭാഗക്കാർക്കും ദളിതർക്കും 90 മീറ്റർ ഓടിയാൽ മതിയെന്നൊക്കെ പറഞ്ഞ് വലിയ ചിരിയാണ് ചിരിച്ചിരുന്നത്.
സംവരണത്തിന്റെ ആനുകൂല്യം ഇതുവരെയും ലഭിക്കാത്ത വിഭാഗങ്ങളിലെ 10 ശതമാനം പേർക്ക് കൂടി സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി സംവരണം അനുവദിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് അംഗീകരിച്ചതോടെ, പരിഹസിച്ചിരുന്നവർ സ്വാഗതകമാനങ്ങൾ ഉയർത്തിയിരിക്കുകയാണ്. സംവരണം എന്ന പദത്തിൽ പോലും പതിഞ്ഞ മാനഹാനിയുടെ കറുത്ത മുദ്ര, ആ മുദ്ര പതിപ്പിച്ചവർ തന്നെ നിരുപാധികം തുടച്ചുനീക്കുകയായിരുന്നു.
ജാതീയമായ ഉച്ചനീചത്വം മൂലം താണജാതിക്കാർക്ക് മികച്ച വിദ്യാഭ്യാസം നൂറ്റാണ്ടുകളോളം നിഷേധിക്കപ്പെട്ടിരുന്നു. മികച്ച പഠനാവസരം സ്വപ്നം കാണാൻ പോലും അവർക്ക് സാധിക്കുമായിരുന്നില്ല. ആ ദുരവസ്ഥയുടെ മറ്റൊരു പതിപ്പിന് സാക്ഷ്യം വഹിക്കുകയാണ് വർത്തമാനകാലം. രാജ്യത്ത് ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരവെ, സമൂഹത്തിൽ അസമത്വം പുതിയ ഒരു രീതിയിൽ തലപൊക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തലം മുതൽ രണ്ട് തരം പൗരന്മാർ സൃഷ്ടിക്കപ്പടുന്നു. പതിനായിരങ്ങൾ ഫീസായി നൽകേണ്ട, ഉയർന്ന അദ്ധ്യയന നിലവാരമുള്ള മുന്തിയ സ്കൂളുകളുടെ പരിസരത്ത് പോലും ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കടന്നുചെല്ലാനാവില്ല. ബാല്യകാലത്ത് തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ഒരു ശീലമാക്കേണ്ടതാണ്. പകരം അപകർഷബോധമാണ് ഭൂരിഭാഗത്തിന്റെയും മനസിൽ ഇടംപിടിക്കുന്നത്. ദാരിദ്ര്യത്തിന്റെ പാർശ്വഫലമായ ഈ അസമത്വം വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറുന്തോറും വർദ്ധിച്ചുവരും. ദരിദ്രർക്ക് താങ്ങാനാവാത്ത 'കോച്ചിംഗ് " എന്ന പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുക്കാതെ, ഉന്നത വിദ്യാഭ്യാസമോ ഉദ്യോഗ സമ്പാദനമോ സാദ്ധ്യമാക്കുന്ന മത്സരപരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടുക അതീവ ക്ളേശകരമാണ്. ബുദ്ധിയുടെ പോരായ്മയായിരിക്കില്ല മത്സരപരീക്ഷകളിൽ പിന്നാക്കം പോകാൻ കാരണം. സാഹചര്യങ്ങൾ തുല്യമോ സമാനമോ അല്ലെങ്കിൽ എത്ര ബുദ്ധിയുണ്ടെങ്കിലും ഇതു തന്നെയാവും സ്ഥിതി. സംവരണം ആവശ്യമായി വരുന്നത് അപ്പോഴാണ്. ഈ യാഥാർത്ഥ്യം സംവരണവിരുദ്ധരും തിരിച്ചറിഞ്ഞുവെന്ന് വേണം കരുതാൻ.
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ തട്ടിത്തടയാതെ അതിവേഗത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷത്തിൽ അംഗീകരിക്കപ്പെട്ടത് കണ്ടപ്പോൾ പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് ആശങ്ക തോന്നുക സ്വാഭാവികമാണ്. ജാട്ട്, മറാത്ത, ഗുജ്ജാർ, രജപുത് തുടങ്ങിയ വിഭാഗങ്ങളുടെ പ്രക്ഷോഭവും ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പുമാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെയും പ്രതിപക്ഷത്തെ കോൺഗ്രസ്, സി.പി.എം തുടങ്ങിയ കക്ഷികളുടെയും അത്യുത്സാഹത്തിന് കാരണമെന്നാണ് പൊതുവേയുള്ള നിഗമനം. ഇത് മാത്രമാണോ കാരണം? പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് എന്തെങ്കിലും പുതിയ ഒരു ആനുകൂല്യം അനുവദിക്കുന്ന ബില്ലാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ ഇതായിരിക്കുമോ സ്ഥിതി? പാർലമെന്റിൽ സാമ്പത്തിക സംവരണത്തിൽ പ്രകടമായ അസാധാരണ കൂട്ടായ്മ, ഒരു പ്രോത്സാഹനമായെടുത്ത് പിന്നാക്ക, ദളിത് വിഭാഗങ്ങളെ ദ്റോഹിക്കാൻ പ്രേരണയാകുമോയെന്നാണ് ആശങ്ക. സംവരണത്തിൽ 'സാമ്പത്തികം" എന്ന മാനദണ്ഡം അനുവദിച്ചാൽ ഒട്ടകത്തിന് ഇടംകൊടുത്തത് പോലെയാകുമെന്ന് മുമ്പ് ചില സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം, സംവരണം ഒരു അനിവാര്യതയാണെന്ന തിരിച്ചറിവ് പ്രയോജനപ്പെടുത്താൻ സാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ പോലും ഒന്നൊന്നായി സ്വകാര്യവത്കരിക്കപ്പെട്ട് വരുകയാണ്. രണ്ട് രീതിയിലാണ് പ്രധാനമായും സ്വകാര്യവത്കരണം. ഒന്ന്: പൊതുമേഖാ ഓഹരികൾ വിറ്റഴിച്ച്. രണ്ട്: വിലക്കപ്പെട്ടിരുന്ന മേഖലകൾ കൂടി സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത്. രീതി ഏതായാലും സാമൂഹികനീതി വെറും ജലരേഖയാണ്. സംവരണ വിരുദ്ധർക്ക് ലഭിച്ച പുതിയ അവബോധത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. സ്വകാര്യമേഖലയിലും സംവരണം വേണമെന്ന ആവശ്യം ഏതാനും വർഷം മുമ്പ് ഉയർന്നിരുന്നു. സംവരണവിരുദ്ധരുടെ ശക്തമായ എതിർപ്പ് മൂലമാണ് ആവശ്യം മുളയിലേ വാടിപ്പോയത്. സംവരണമെന്ന ആശയത്തോടുള്ള എതിർപ്പ് കെട്ടടങ്ങിയിരിക്കെ, സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന ആവശ്യം ശക്തമായി ഉയർത്തേണ്ടതുണ്ട്. അവസരങ്ങൾ തുല്യമല്ലാതിരിക്കുകയും ഉച്ചനീചത്വം നിലനിൽക്കുകയും ചെയ്യുന്നിടത്തോളം രാജ്യത്ത് സംവരണം ആവശ്യമാണ്.