അന്നൊരു അമാവാസി ദിവസമായിരുന്നു. കൂരാക്കൂരിരുട്ട്. എവറഡി ബാറ്ററി കണ്ടുപിടിച്ചിട്ടില്ലായിരുന്ന കാലമായതു കൊണ്ട് ചൂട്ടുകറ്റ കത്തിച്ച് പിടിച്ചാണ് അദ്ദേഹം വന്നത്. തന്ത്രിയദ്ദേഹം പക്ഷേ ഒന്നുമറിയാതെ വീട്ടിനകത്ത് ചിമ്മിനിവിളക്കിന്റെ വെട്ടത്തിലിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്നു. നിരപ്പലകയിട്ട് പൂട്ടിയ താഴമണില്ലത്ത്, പലകമേൽ ആഞ്ഞാഞ്ഞ് മുട്ടുന്നത് കേട്ടിട്ടും തന്ത്രിയദ്ദേഹം അനങ്ങിയില്ല. പക്ഷേ മുട്ടുണ്ടോ നിറുത്തുന്നു! അങ്ങനെയാണ് എഴുത്തുകുത്ത് മതിയാക്കി വാതിൽപ്പലകമേൽ തന്ത്രിയദ്ദേഹം ചെവി കൂർപ്പിച്ചുനിന്നത്.
ശബ്ദം എങ്ങോ കേട്ട മാതിരി തന്ത്രിയദ്ദേഹത്തിന് തോന്നാതിരുന്നില്ല. 'കണ്ഠരരേ', 'കണ്ഠരരേ' എന്ന വിളിയിൽ നല്ല പരിചയമുഖം മനസിൽ കണ്ടും കൊണ്ടാണ് വാതിലങ്ങ് തുറന്നത്. തുറന്നപ്പോളെന്താ കഥ! അതാ നിൽക്കുന്നു നമ്മുടെ പരശുരാമൻജി! അല്ല, ഇതെങ്ങനെയെത്തിപ്പെട്ടു എന്ന് തന്ത്രിയദ്ദേഹം ചോദിച്ചില്ല. കൈയിൽ ഒരു മഴുവുണ്ടായിരുന്നു. കടലിലേക്ക് നീട്ടിയെറിഞ്ഞ ആ മഴു! ആ മഴു എറിഞ്ഞിട്ടാണല്ലോ കേരളമുണ്ടാക്കിയതെന്ന് ഓർത്ത തന്ത്രിയദ്ദേഹം ആ കൈക്കരുത്തിലേക്ക് നോക്കി കുറേ നേരം നിർന്നിമേഷനായങ്ങനെ നിന്നുപോയി!
സംഗതി ക്രിസ്തുവിന് മുമ്പ് നൂറാം ആണ്ടിലാണെങ്കിലും പരശുരാമൻജി അന്നേ സ്വന്തം പേരിലൊരു തീവണ്ടി ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. പരശുരാം എക്സ്പ്രസ് എന്ന ആ തീവണ്ടിയിലാണദ്ദേഹം താഴമണില്ലത്തിനടുത്ത് വരെ എത്തിപ്പെട്ടത്. തീവണ്ടിയിറങ്ങിയത് കൂരാക്കൂരിരുട്ടിലേക്കാണെങ്കിലും ഇല്ലത്തേക്കുള്ള വഴി നല്ല നിശ്ചയമുണ്ടായിരുന്നു.
തന്ത്രിയദ്ദേഹം വാതിൽപ്പലക നിരക്കി മാറ്റിയങ്ങ് പുറത്തേക്കിറങ്ങി നിന്നതും പരശുരാമൻജി ഒരു താക്കോലെടുത്ത് ആ കോന്തലയിലോട്ടങ്ങ് തിരുകിക്കൊടുത്തതും നിമിഷനേരത്തിലായിരുന്നു. ആ താക്കോൽ നമ്മുടെ ശബരിമല ശാസ്താവിന്റേതായിരുന്നുവത്രെ. അന്ന് തൊട്ടേ തന്ത്രിയദ്ദേഹം നിത്യേന ശാസ്താവിന്റെയടുക്കലേക്ക് നടന്നെത്തി അവിടെ തുറന്ന് ശുദ്ധിക്രിയാദികളും പൂജാദികളുമൊക്കെ കഴിച്ച് കാലം കഴിച്ചുപോന്നു എന്നാണ് പറയുന്നത്.
ശാസ്താവിന്റെ സഹപാഠിയായ വാവര് അന്നവിടെയുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ നല്ല നിശ്ചയം പോരെന്നാണ് തന്ത്രിയദ്ദേഹത്തിന് പറയാനുള്ളത്. എ.ഡി ആറാം നൂറ്റാണ്ടിലാണല്ലോ ഇസ്ലാമിന്റെ വരവ് തന്നെയുണ്ടായത് എന്നൊന്നും ചോദിക്കരുത്. കഥയിൽ ചോദ്യമരുത്. ഇനി ഈ കണ്ഠരരും കൂട്ടരും വന്നെത്തിപ്പെടുന്നത് തന്നെ പന്ത്രണ്ടാം നൂറ്റാണ്ടിലല്ലേ എന്നാരെങ്കിലും ചോദിച്ചാൽ, അവിടെയും കഥയിൽ ചോദ്യമരുത് എന്നാണ് പറയാനുള്ളത്. അതല്ല, സാക്ഷാൽ പരശുരാമൻജി അങ്ങനെ മഴുവെറിഞ്ഞുണ്ടാക്കിയതാണോ ഈ കേരളമെന്ന് ചോദിച്ചാൽ, അതങ്ങ് കാട് കയറിപ്പോകും, പറഞ്ഞേക്കാം. തന്ത്രിയദ്ദേഹത്തിന്റെ പരശുരാമൻജി ബന്ധം കേട്ടിട്ട് അയ്യപ്പസ്വാമിയുടെ സ്വന്തം പന്തളം കൊട്ടാരക്കാർ കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പരുവത്തിലായിപ്പോയെന്നാണ് പറയുന്നത്.
കുംഭ മുന്നേ ദേഹം പിന്നേ എന്ന മട്ടിലങ്ങ് നടന്നുനീങ്ങുന്ന പൂഞ്ഞാർ കടുവയുടെ റിപ്പബ്ലിക്കിൽ കടുവ ചാടുന്നത് പോലെ ചാടാൻ നോക്കിയാൽ കടുവയുടെ കുംഭയുടെ ഭാരം പേറി നടക്കുന്നവനായാലും പൊറുക്കില്ല. മാലേത്ത് പ്രതാപചന്ദ്രനെന്ന കടുവയുടെ സ്വന്തം പി.എയ്ക്ക് അങ്ങനെയാണ് റിപ്പബ്ലിക്കിൽ നിന്ന് നാട് കടത്തപ്പെടാനുള്ള യോഗമുണ്ടായതെന്നാണ് പറയുന്നത്. ജോർജ്ജ് എവിടെയുണ്ടോ അവിടെ പ്രതാപനുണ്ട് എന്നായിരുന്നു നാളിതുവരെയുള്ള പ്രമാണം.
കടുവാ റിപ്പബ്ലിക്കിൽ കടുവ പറയുന്നതാണ് വേദവാക്യം. തത്തമ്മേ പൂച്ചപൂച്ച എന്ന് കടുവ പറഞ്ഞാൽ മാലേത്ത് പ്രതാപനായാലും അതങ്ങ് ഏറ്റുപാടിക്കോളണം. മാലേത്ത് പ്രതാപൻ അതുതന്നെയാണ് ചെയ്തുപോന്നത് എന്ന് കടുവായ്ക്ക് അറിയാത്തതല്ല. പക്ഷേ കടുവയുടെ നിറമെപ്പോഴാണ് മാറുന്നത് എന്ന് മാലേത്തിന് നിശ്ചയമത്ര പോരായിരുന്നു.
രാവിലെ ഉറക്കപ്പായിൽ നിന്നെഴുന്നേറ്റ് കോട്ടുവായിടും നേരത്താണ് കടുവായ്ക്ക് ഉൾവിളികൾ ഉണ്ടായി വരുന്നത്. വിളിപ്പുറത്ത് പ്രതാപനുണ്ടാവണമെന്നത് കടുവായുടെ നിശ്ചയമാണ്. അങ്ങനെയുണ്ടായൊരു ഉൾവിളിയിലാണ് കടുവായ്ക്ക് നിയമസഭയിൽ സാക്ഷാൽ താമരമൊട്ട് രാജേട്ടനുമൊത്ത് കറുപ്പുടുത്ത് ഒരു ബ്ലോക്കായിരിക്കാൻ മോഹമുദിച്ചത്. തുണിക്കടക്കാരനെ ഉറക്കപ്പായിൽ നിന്നെഴുന്നേല്പിച്ച് പാളയത്തെ കണ്ണിമേറ മാർക്കറ്റിലെത്തിച്ച് കട തുറപ്പിച്ച് കറുപ്പുടുപ്പ് ഒപ്പിച്ച കഥ മാലേത്ത് പ്രതാപനേ അറിയൂ. കറുപ്പുടുപ്പും കറുത്ത മേൽമുണ്ടുമുടുത്തെത്തിയ കടുവായ്ക്ക് കറുത്ത ജുബ്ബായുമിട്ടെത്തിയ രാജേട്ടൻ ചേരുംപടി ചേരുവയായെന്നതിൽ സഭയിലന്നാർക്കും രണ്ടുപക്ഷമില്ലായിരുന്നു.
പൂഞ്ഞാർ റിപ്പബ്ലിക്കിലെ സർവതന്ത്ര സ്വതന്ത്രൻ കടുവായെ കൂട്ടിന് കിട്ടിയ രാജേട്ടന്റെ ഉള്ളം തളിർത്തിരുന്നു. സഭയിലെ ഒറ്റയ്ക്കിരുന്നുള്ള ശ്വാസംമുട്ടലൊന്ന് അവസാനിച്ചു കിട്ടുമല്ലോയെന്നോർത്തുള്ള രാജേട്ടന്റെ ദീർഘനിശ്വാസം അന്ന് സഭാരേഖകളിൽ ഇടം പിടിച്ചതായിരുന്നെന്നാണ് റിപ്പോർട്ട്.
പക്ഷേ സ്വന്തമായി റിപ്പബ്ലിക്കുള്ള കടുവായ്ക്ക് എപ്പോൾ വേണമെങ്കിലും കവാത്ത് മറക്കാമല്ലോ. നിയമസഭയിൽ പ്രസംഗിക്കാൻ രാജേട്ടന്റെ ഒരു മിനിറ്റ് കൂടി ഒപ്പിച്ചെടുക്കാനുള്ള ഒടിവിദ്യയായിരുന്നില്ല ആ കറുപ്പുവേഷം. വേഷമില്ലാതെ തന്നെ രാജേട്ടൻ അത് ദാനം ചെയ്യാറുണ്ടായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ ഭാ.ജ.പാ ടിക്കറ്റിൽ വല്ല ലോട്ടറിയും കുടുംബത്തിലടിച്ചാലോയെന്ന ചിന്ത കനത്ത് നിന്ന ദുർബലനിമിഷത്തിലാണ് ആ കറുപ്പുവേഷം ജനിച്ചതെന്ന് മാലേത്തിനല്ലാതെ മറ്റാർക്കുമറിയില്ല.
നിയമസഭയിലിനിയും കടുവായുടെ ഒടിവിദ്യയ്ക്ക് സ്കോപ്പുണ്ടെന്ന തോന്നലിലാണ് കടുവായുടെ കിടുവയായ മാലേത്ത് പ്രതാപൻ ഭാ.ജ.പായെ തുണച്ച് ഫേസ്ബുക്ക് പോസ്റ്റിയത്. കടുവാ അന്നേരം ഭാ.ജ.പായെ മറന്ന് കഴിഞ്ഞിരുന്നു. കടുവായുടെ ഉൾവിളിയിൽ കോൺഗ്രസിന്റെ മതേതരമുഖം പച്ചപിടിച്ച് കഴിഞ്ഞിരുന്നു. കഥയറിയാത്ത മാലേത്തിന്റെ കഥ കഴിക്കാൻ പൂഞ്ഞാർ റിപ്പബ്ലിക്കിലിരുന്ന് കടുവായ്ക്ക് മുൻപിൻ ആലോചിക്കേണ്ടി വന്നില്ലെന്നാണ് പറയുന്നത്. ജനപക്ഷത്തിന്റെ കമ്മിറ്റിയിൽ വേദിയിലിരുത്തി പച്ചയ്ക്ക് പ്രതാപചന്ദ്രനെ അറുത്തുമാറ്റിയാണ് കടുവാ തൃപ്തിയടഞ്ഞത്. കടുവാ ഇനി കോൺഗ്രസിന്റെ കൂടെ പാർക്കാനാണത്രെ തീരുമാനം. കോൺഗ്രസുകാർ ജീവനും കൊണ്ടോടാതിരുന്നാൽ ഭാഗ്യം !
ഇ-മെയിൽ: dronar.keralakaumudi@gmail.com