മലയിൻകീഴ്: മാറനല്ലൂർ ആലംപൊറ്റയിൽ വീട്ടിൽ വ്യാജ ചാരായ നിർമ്മാണം നടത്തിയ വൃദ്ധൻ പിടിയിൽ. മാറനല്ലൂർ കൂവളശ്ശേരി ആലംപൊറ്റ പുത്തൻ വീട്ടിൽ തങ്കയ്യൻ നാടാർ (87)ആണ് അറസ്റ്റിലായത്. വർഷങ്ങളായി ഇയാൾ വീട് കേന്ദ്രീകരിച്ച് വ്യാജ ചാരായനിർമ്മാണം നടത്തി മലയോരമേഖലയിൽ കച്ചവടം നടത്തി വരികയായിരുന്നു. ഇയാളെപ്പറ്റി കാട്ടാക്കട എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 7മണിയോടെ നടത്തിയ തെരച്ചിലിലാണ് വ്യാജച്ചാരായ നിർമ്മാണം നടത്തുന്നതിനിടയിൽ ഇയാൾ പിടിയിലാകുന്നത്. ഇവിടെ നിന്നും ആയിരക്കണക്കിന് രൂപ വിലവരുന്ന വാറ്റുപകരണങ്ങളും അഞ്ച് ലിറ്റർ ചാരായവും 200 ലിറ്റർ കോടയും കണ്ടെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.