kwa

 കള്ളക്കളി സെക്യൂരിറ്റിത്തുക വച്ച്

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ, കരാറുകാരിൽ നിന്നു പിടിക്കുന്ന റിട്ടെൻഷൻ തുക വച്ച് ഉദ്യോഗസ്ഥരും കരാറുകാരും കള്ളക്കളി നടത്തുന്നതിനാൽ സർക്കാരിന് വൻ സാമ്പത്തിക നഷ്‌ടമുണ്ടാകുന്നു. കരാർ അടങ്കൽ തുകയുടെ 10 ശതമാനം നിശ്ചിത കാലത്തേക്ക് (ഡിഫെക്ട് ലയബിലിറ്റി പീരീഡ്) സെക്യൂരിറ്റിയായി പിടിക്കുന്നതാണ് റിട്ടെൻഷൻ തുക.

പൂർത്തീകരിച്ച പണിയിലെ അപാകതകൾ ​കോൺട്രാക്ടർ സ്വന്തം ചെലവിൽ പരിഹരിച്ചില്ലെങ്കിൽ ഈ തുകയിൽ നിന്നാണ് ഈടാക്കേണ്ടത്. എന്നാൽ, ഓരോ തവണയും റിട്ടെൻഷൻ തുക പുതിയ കരാറിലേക്കു മാറ്റിയാണ് തട്ടിപ്പ്. ഇതിന് ഉദ്യോഗസ്ഥർക്ക് കരാറുകാരുടെ പാരിതോഷികം കിട്ടും.

ബില്ല് മാറുമ്പോൾ റിട്ടെൻഷൻ തുക കിഴിച്ചാണ് കിട്ടുക. ഡി.എൽ.ബി കാലാവധി കഴിഞ്ഞ്, പണിയിൽ കുഴപ്പമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനു ശേഷമേ ഈ തുക കൊടുക്കൂ. ഇതു മറികടക്കാനാണ് സൂത്രവിദ്യ. ഫിനാൻസ് മാനേജർ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ വാട്ട‌ർ അതോറിട്ടിയിൽ നിലവിൽ മൂന്ന് ഡെപ്യൂട്ടി അക്കൗണ്ട്സ് മെമ്പർമാരാണ് സാമ്പത്തിക കാര്യങ്ങളുടെ ചുമതലയിൽ. ഇവരുടെ നേതൃത്വത്തിൽ ഫിനാൻസ് സെക്‌ഷനിലെ ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ചേർന്ന് തട്ടിപ്പ് നടത്തുന്നെന്നാണ് ആക്ഷേപം.

തട്ടിപ്പ് രീതി

ഒരു കരാറെടുത്തയാൾ, മറ്റൊരു ജില്ലയിൽ കരാറെടുക്കുമ്പോൾ ആദ്യ ടെൻഡറിലെ റിട്ടെൻഷൻ തുക എത്രയെന്ന് വ്യക്തമാക്കും. രണ്ടാമത്തെ കരാറിലെ റിട്ടെൻഷൻ ആദ്യ കരാറിലേക്ക് തട്ടിപ്പിന് കൂട്ടു നിൽക്കുന്നവർ വരവുവച്ച് കൊടുക്കും. അങ്ങനെ ആദ്യ തുക റിലീസ് ചെയ്യുന്നു. ഫലത്തിൽ രണ്ടാമത്തെ കരാർ പണയപ്പെടുത്തി ആദ്യ റിട്ടെൻഷൻ തുക കൈക്കലാക്കുകയാണ്. റിട്ടെൻഷൻ തുക ഒരിക്കലും തടഞ്ഞുവയ്ക്കുന്നില്ലെന്ന് സാരം. വൻകിട പദ്ധതികളിൽ ഉൾപ്പെടെ റിട്ടെൻഷൻ തുക പുതുതായി പിടിക്കാത്തതിനാൽ പലിശയിനത്തിൽ വാട്ടർ അതോറിട്ടിക്ക് ലഭിക്കേണ്ട കോടികളാണ് നഷ്ടമാകുന്നത്.