സാമുദായിക സംവരണവും സാമ്പത്തിക സംവരണവും ഒരേസമയം നടപ്പാക്കുന്ന ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. സവർണരുടെയും അവർണരുടെയും പിന്തുണ ലഭ്യമാക്കുന്ന തന്ത്രപരമായ ഒരു രാഷ്ട്രീയ നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. അധഃസ്ഥിതരെ രാഷ്ട്രീയാധികാരത്തിൽ പങ്കാളികളാക്കി ജാതിവ്യവസ്ഥയെ തകർക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം ഉയർത്തുന്നവരും പത്ത് ശതമാനം സാമ്പത്തിക സംവരണം എന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ജനാധിപത്യ പ്രക്രിയയിൽ വോട്ടെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തിനിൽക്കുമ്പോൾ ഇത്തരത്തിലുള്ള തന്ത്രപരമായ സമീപനം രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കുന്നത് സ്വാഭാവികം.
യഥാർത്ഥത്തിൽ സംവരണം ഒരു രാഷ്ട്രീയ പ്രശ്നമെന്നതിനുപരി ഒരു ധർമ്മ പ്രശ്നമാണ്. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഥമ പ്രതിബന്ധമായി നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത് ജാതി വ്യവസ്ഥയാണ്. ചാതുർവർണ്യം സൃഷ്ടിച്ച ഈ ജാതിവ്യവസ്ഥയാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന് ഒരിക്കലും തോരാത്ത കണ്ണീര് നൽകിയത്. ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തിന്റെ നേർചിത്രം സംവരണം സംബന്ധിച്ച 1992 ലെ ഇന്ദിരാ സഹാനി കേസിലെ വിധിന്യായത്തിൽ ജസ്റ്റിസ് രത്നാവൻ പാണ്ഡ്യൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ''അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഒരു കുഞ്ഞ് പുറത്തുവന്ന് ആദ്യ ശ്വാസമെടുക്കുമ്പോൾ പൊക്കിൾക്കൊടി ബന്ധം വിടർത്തുന്നതിനും മുമ്പായി നിരപരാധിയായ ആ കുഞ്ഞ് മാതാപിതാക്കളുടെ ജാതിയനുസരിച്ചുള്ള പ്രത്യേക വിഭാഗത്തിൽ ഒതുക്കപ്പെടുന്നു. ഏത് വിഭാഗത്തിൽ ജനിക്കുന്നു എന്നത് കൂടി ആഗ്രഹിച്ച് തിരഞ്ഞെടുക്കുന്നതല്ല. കേവലം ഒരു സാദ്ധ്യത മാത്രം." നമ്മുടെ രാഷ്ട്ര നേതാക്കളുടെ ഹൃദയബുദ്ധികളിലാണ് 'സംവരണം" എന്ന ആശയം ഉദിച്ചുയർന്നത്. സാമൂഹ്യനീതിയാണ് ജനാധിപത്യത്തിന്റെ ആധാരശില. സാമൂഹ്യ സമത്വത്തിന്റെ അടിത്തറയിൽ മാത്രമേ ആരോഗ്യകരമായ ജനാധിപത്യം പുലരുകയുള്ളൂ. ജാതിസംവരണം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തതെന്ന ചരിത്രയാഥാർത്ഥ്യം ഇത്തരുണത്തിൽ പ്രസക്തമാണ്. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയർച്ച നാം ആഗ്രഹിക്കുന്നെങ്കിൽ അവർക്കുവേണ്ടി ചില കാര്യങ്ങൾ പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന ധീരോദാത്തമായ പ്രഖ്യാപനമാണ് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്ന് പാർലമെന്റിൽ നടത്തിയത്. സംവരണ വ്യവസ്ഥയുടെ അത്യഗാധമായ അർത്ഥതലത്തിലേക്ക് വെളിച്ചം വിതറുന്ന വാക്കുകളായിരുന്നു അത്. 1951 ലെ ഈ ഭരണഘടനാ ഭേദഗതിയിലൂടെയാണ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി, പട്ടിക വിഭാഗത്തിനും വിദ്യാഭ്യാസ പ്രവേശനത്തിലും മറ്റും സംവരണാനുകൂല്യത്തിന് അർഹത നൽകുന്ന അനുഛേദം 15 (4) നിലവിൽ വന്നത്.
സർക്കാർ സർവീസിൽ മതിയായ പ്രാതിനിദ്ധ്യമില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്കാണ് അനുഛേദം 16 (4) പ്രകാരം സംവരണം വിഭാവനം ചെയ്യുന്നത്. മതിയായ പ്രാതിനിദ്ധ്യമില്ലാത്ത ജനവിഭാഗങ്ങളെ നിർണയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. പിന്നാക്ക ജനവിഭാഗങ്ങളെ ഭരണഘടന പ്രത്യേകമായി നിർവചിക്കുന്നില്ല. പിന്നാക്ക വിഭാഗമെന്നാൽ പിന്നാക്ക ജാതികളെന്നാണ് വിവക്ഷ. ഭരണഘടന വിഭാവന ചെയ്യുന്ന അവസര സമത്വം ചരിത്രപരമായ കാരണങ്ങളാൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്കുള്ള പ്രത്യേക പരിരക്ഷയുടെ കൂടി പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ജാതിവ്യവസ്ഥ സൃഷ്ടിച്ച ക്രൂരമായ അനീതിക്കു നേരെ കണ്ണടച്ചുകൊണ്ട് സമത്വ സാക്ഷാത്കാരം അസാദ്ധ്യമാണ്. സമത്വം സമന്മാർ തമ്മിലാണ്. അസമന്മാർ തമ്മിൽ സമത്വം എന്നത് കടുത്ത അനീതിയാണ്.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡമെന്നാണ് ഇന്ദിരാസഹാനി കേസിലെ സുപ്രീംകോടതി വിധി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സർവീസിൽ സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വി.പി. സിംഗ് ഗവൺമെന്റിന്റെ ഉത്തരവ് അംഗീകരിച്ചുകൊണ്ടുള്ള
സുപ്രീംകോടതി ഒൻപത് അംഗ ബെഞ്ചിന്റെ ഈ സുപ്രധാന വിധി സംവരണം സംബന്ധിച്ച സംശയങ്ങൾക്കും വിവാദങ്ങൾക്കും ശക്തമായ മറുപടിയാണ് നൽകുന്നത്.
നിലവിലുള്ള സംവരണ സ്കീമിൽ ഉൾപ്പെടാത്ത സാമ്പത്തിക വിഭാഗങ്ങൾക്കായി 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള 1991 ലെ നരസിംഹറാവു ഗവൺമെന്റിന്റെ ഉത്തരവ് നിയമസാധുത ഇല്ലാത്തതിനാൽ കോടതി തള്ളിക്കളയുകയും ചെയ്തു. സുപ്രീംകോടതി തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണമാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ അപ്രതീക്ഷിതമായി മോദി സർക്കാർ നിയമപ്രാബല്യം നൽകി നിലനിറുത്താൻ ശ്രമിക്കുന്നത്. അധഃസ്ഥിത ജനതയെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന പുരോഗമനാത്മകവും ലക്ഷ്യോന്മുഖവുമായ ഒരു മുന്നേറ്റത്തിന്റെ ഭാഗമാണ് സമുദായിക സംവരണം. സംവരണത്തെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി കൂട്ടിയിണക്കുന്നത് അശാസ്ത്രീയവും അപ്രായോഗികവുമാണ്.