തിരുവനന്തപുരം : കലാപത്തിലൂടെ കേരളത്തെ പകുത്തെടുക്കാനുള്ള ശ്രമമാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കർഷക കോൺഗ്രസ് നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽ കേരളം തകർന്നു നിൽക്കുമ്പോഴാണ് ശബരിമല വിധി ഉണ്ടായത്. വിധി നടപ്പാക്കുന്നതിൽ സാവകാശം ആവശ്യപ്പെടാൻ സംസ്ഥാനം തയ്യാറായില്ല. ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രവും ശ്രമിച്ചില്ല. പകരം, വിഷയം ആളിക്കത്തിക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചത്. എന്നാൽ വിശ്വാസികൾക്കൊപ്പം നിൽക്കുകയും അക്രമത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തെ മതിൽ കെട്ടിത്തിരിച്ച് പല തട്ടുകളാക്കി മാറ്റുകയാണ് സർക്കാർ.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നാനാ പട്ടോളി, ദേശീയ വൈസ് പ്രസിഡന്റ് എസ്.എസ്. രാമസുബു, കർണാടക കിസാൻ കോൺഗ്രസ് പ്രസിഡന്റ് സച്ചിൻ മീഗ, വി.എം.സുധീരൻ, എൻ.പീതാംബരകുറുപ്പ്, പാലോട് രവി, തമ്പാനൂർ രവി ,മണക്കാട് സുരേഷ് ,മാരായമുട്ടം എം.എസ് .അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ലോക്‌സഭ: യു.ഡി.എഫിന്
17 സീറ്റ് കിട്ടും
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 15 മുതൽ 17 വരെ സീറ്റുകൾ കിട്ടുമെന്ന് ആന്റണി പറഞ്ഞു. കർഷക ദ്രോഹ നടപടികളുമായി മുന്നേറുന്ന മോദി സർക്കാരിനെതിരെയുള്ള ജനവിധിയായി കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വരും. കോൺഗ്രസ് വന്നാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളും. നാളികേര, റബർ,സ്‌പൈസസ് ബോർഡുകൾ വഴി കൂടുതൽ ആനുകൂല്യങ്ങൾ നൽകും. രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഓരോ ദിവസവും ഉയരുകയാണ്. പപ്പു എന്നുവിളിച്ച് അദ്ദേഹത്തെ അധിക്ഷേപിച്ചവർ ഇപ്പോൾ മിണ്ടുന്നില്ല.