തിരുവനന്തപുരം: ബീമാപള്ളിയിലെ ഉറൂസ് ഫെബ്രുവരി ഏഴിന് തുടങ്ങി 17ന് അവസാനിക്കും. ഏഴിന് രാവിലെ എട്ടിന് ബീമാപള്ളി ഇമാം എസ്. സബീർ സഖാഫിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാർത്ഥന നടക്കും. തുടർന്ന് പള്ളിയങ്കണത്തിൽ നിന്ന് വിശ്വാസികളടക്കമുള്ളവർ പങ്കെടുക്കുന്ന പട്ടണ പ്രദക്ഷിണം ജോനക പൂന്തുറയിലെത്തും. 10.30ഓടെ പട്ടണപ്രദക്ഷിണം ദർഗഷെരീഫ് അങ്കണത്തിൽ തിരിച്ചെത്തും. തുടർന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അവർകളുടെ നേതൃത്വത്തിൽ പ്രാർത്ഥന. 11ന് ബീമാപളളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ. അഹമ്മദ് ഖനി ഹാജി ഉറൂസിന് തുടക്കം കുറിച്ച് മിനാരങ്ങളിലേക്ക് ഇരുവർണ പതാകയുയർത്തും. 17ന് പുലർച്ചെ രണ്ടിന് പള്ളിയങ്കണത്തിൽ നിന്നാരംഭിക്കുന്ന പട്ടണ പ്രദക്ഷിണ ഘോഷയാത്രയിൽ അശ്വാരൂഡ പൊലീസ്, വിവിധ വാദ്യമേളങ്ങൾ, ശുഭ്രവസ്ത്രധാരികളായ വിശ്വാസികൾ, മദ്രസ വിദ്യാർത്ഥികൾ തുടങ്ങിയവർ അണിചേരും.
ഘോഷയാത്ര മടങ്ങിയെത്തിയശേഷം ചീഫ് ഇമാം അൽഹാജ് ഹസൻ അഷ്‌റഫി ഫാളിൽ ബാഖവിയുടെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥന നടക്കും. ഉറൂസ് ദിവസങ്ങളിൽ മുനാജാത്ത്, മൗലൂദ് പാരായണം, റാത്തീഫ്, ബുർദ, മതപ്രഭാഷണം തുടങ്ങിയവയുമുണ്ടാകും. 16ന് വൈകിട്ട് 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജീവകാരുണ്യ ധനസഹായങ്ങൾ വിതരണം ചെയ്യും. സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നായകന്മാരും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അഹമ്മദ് ഹാജി, ജനറൽസെക്രട്ടറി കെ. അമാനുള്ള, ഖജാൻജി ഖാസിം, ഫിനാൻസ് കൺവീനർ അബ്ദുൽ റൗഫ്.എ, ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ അലി ഹൈദർ, എക്‌സിക്യൂട്ടീവ് മെമ്പർ എ. നൗഷാദ്ഖാൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ജെ. ഹുസൈൻ, അംഗങ്ങളായ എസ്. അൻവർഖാൻ, അബ്ദുൾ ഗഫൂർ എന്നിവർ പങ്കെടുത്തു.