തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ നവതി വാർഷികത്തോടനുബന്ധിച്ച് വയലാർരാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിനുള്ള പുരസ്കാരത്തിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ കോവളം സതീഷ്‌കുമാർ അർഹനായി.
15,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 16ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുമെന്ന് വയലാർ സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് എസ്.വിജയകുമാർ, വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവളം തുറുവൻകോണത്ത് പുത്തൻവീട്ടിൽ എം.കൃഷ്ണപ്പണിക്കരുടെയും രാധയുടെയും മകനാണ് സതീഷ്‌കുമാർ. ഭാര്യ- സ്മിത. മകൻ- ശോഭിത് എസ്.കുമാർ. പത്രാധിപർ കെ.സുകുമാരൻ പുരസ്കാരം, ഗാന്ധിഭവൻ പുരസ്കാരം, തമ്പി കാക്കനാടൻ പുരസ്കാരം, സംസ്ഥാന സ്കൂൾ കലോത്സവം മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം റിപ്പോർട്ടിനുള്ള പ്രത്യേക ജൂറി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.