പാറശാല: പഞ്ചായത്തിലെ ഇഞ്ചിവിള വാർഡിലെ ഇഞ്ചിവിള- കോഴിവിള അതിർത്തി റോഡ് തകർന്നിട്ട് വർഷങ്ങളായി. ദിനവും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ റോഡ് ദിവസം കഴിയുംതോറും ശോചനീയാവസ്ഥയിലേക്ക് മാറുകയാണ്. ഈ റോഡിന്റെ ടാറിംഗ് ജോലികൾ നടത്തിയിട്ട് എട്ട് വർഷത്തോളമായി. തകർന്ന റോഡിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിച്ചതാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതിന് കാരണമെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് ഇടപെട്ടാണ് വാട്ടർ അതോറിട്ടിയെക്കൊണ്ട് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചത്.എന്നാൽ റോഡ് പൊളിച്ച വിവരം പി.ഡബ്ലൂ.ഡിയെ അറിയിച്ചിട്ടില്ലെന്ന കാരണത്തിൽ റോഡന്റെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുവാനും തയാറാകുന്നില്ല. ഇതിന് സമീപത്തെ മറ്റൊരു വാർഡായ അരുവാങ്കോട് വാർഡിലെ കോഴിവിള- അരുവാങ്കോട് റോഡ് ടാർ ചെയ്യുന്നതിനുള്ള മെറ്റലുകളും മറ്റും ഇഞ്ചിവിള- കോഴിവിള അതിർത്തി റോഡിലാണ് ഇറക്കിയിട്ടിരിക്കുന്നത്. മെറ്റലും മറ്റും തകർന്ന റോഡ് നന്നാക്കാൻ ഇറക്കിയെന്നായിരുന്നു നാട്ടുകാരുടെ ധാരണ. എന്നാൽ നിർമ്മാണം നടക്കുന്നത് മറ്റൊരു റോഡിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശനം രൂക്ഷമായതോടെ വാർഡ് മെമ്പർ എം.എൽ.എ.ഫണ്ടിൽ നിന്നും തുക കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
സമീപത്തെ വാർഡിലെ റോഡ് നിർമ്മിക്കുന്നതിനായി മെറ്റലിറക്കിയ ഇഞ്ചിവിള- കോഴിവിള റോഡിന് ഇരുവശവും താമസിക്കുന്ന നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പൊടി ശല്യം രൂക്ഷമായതോടെ പലർക്കും ശ്വാസ സബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നു. റോഡ് നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ റോഡിൽ നിക്ഷേപിച്ചിരിക്കുന്ന മെറ്റൽ നീക്കം ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇവിടെ ഇറക്കിയ മെറ്റലും മറ്റും ഉപയോഗിക്ക് ഇഞ്ചിവിള- കോഴിവിള നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.