തലശേരിയിലുള്ള കുയ്യാലി ഗുരുകുലത്തിലെ വാർഷിക ഗുരുപൂജയാണ് സന്ദർഭം. പരിപാടികൾ ഉച്ചയ്ക്കുള്ള ഉൗണോടുകൂടി കഴിഞ്ഞു. ഉച്ചയ്ക്കുശേഷവും കുറച്ചുപേർ അവിടെത്തന്നെയിരുന്ന് അനൗപചാരികമായി ചർച്ചകളും മറ്റും നടത്തുന്നു. ഇടയ്ക്കിടയ്ക്ക് നല്ല ഗാനാലാപനവും . പാട്ടുകേൾക്കാൻ ഞാനുമെത്തി. പാട്ടുകഴിഞ്ഞപ്പോൾ ഒരു നിയമവിദ്യാർത്ഥിനി എന്നോടൊരു ചോദ്യം.
'അമ്പലങ്ങളിലൊക്കെ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ? അങ്ങനെ ഉണ്ടെന്ന് വിശ്വസിക്കുന്നത് യുക്തിക്ക് ചേരുമോ?"
ജീവിതത്തിലും പ്രപഞ്ചത്തിലും നടക്കുന്നതെല്ലാം യുക്തിക്ക് ചേർന്നതല്ലെന്നും യുക്തി എന്നതിന്റെ പരിമിതിയും സ്വഭാവവും എന്തെന്നും വ്യക്തമാക്കാമെന്ന് കരുതി ആ കുട്ടിയോടു ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു. അവയ്ക്ക് ഉത്തരം പറയാനായി മുതിർന്ന ഒരാൾ അവളുടെ സഹായത്തിനെത്തി. അതവളുടെ അച്ഛനാണെന്നും മനസിലായി. 'ഇക്കാര്യത്തിൽ അച്ഛൻ മകളെ സഹായിക്കണ്ട" എന്നായി ഞാൻ. 'അങ്ങനെയല്ലല്ലോ, അച്ഛൻ മകളെ സഹായിക്കേണ്ടതല്ലേ?" എന്നായി മകൾ. അപ്പോൾ മനസിലായി ഇത് അച്ഛനും മകളും ചേർന്നൊരു കൂട്ടുകച്ചവടമാണെന്ന്. പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു.
'ക്ഷേത്രങ്ങളിൽ പോയി ആരാധന നടത്തുന്നവരെ നിങ്ങൾ എതിർക്കുന്നു. പക്ഷേ ക്ഷേത്രങ്ങളിൽ പോകുന്നവർ, അത് കൈവരുത്തുന്ന മനഃശാന്തി അനുഭവിക്കുന്നു. ആ മനഃശാന്തി നിങ്ങൾക്കുണ്ടോ?
'ഇല്ല. ഇൗ ക്ഷേത്രവിശ്വാസികൾ പെരുകിവരികയും അവർ ലോകരെ വഴി തെറ്റിക്കുകയും ചെയ്യുന്നത് കാണുമ്പോൾ എങ്ങനെ സാധിക്കും സമാധാനത്തോടെയിരിക്കാൻ?"
മനഃശാന്തിക്കുള്ള വഴി കണ്ടെത്തേണ്ടി വന്നിരിക്കുന്നത് ഇദ്ദേഹത്തിനാണെന്ന് മനസിലാക്കി കേൾവിക്കാർ കൂട്ടച്ചിരിയായി. ഒരു പ്രത്യേക വിശ്വാസമനുസരിച്ച് ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ അയാൾക്ക് മനസിന് വലിയ സമാധാനവും ആശ്വാസവും അനുഭവപ്പെടുന്നു. അപ്പോൾ അതിൽ വിശ്വാസമില്ലാത്ത മറ്റൊരാൾ വന്നുപറയുന്നു എന്നിരിക്കട്ടെ, 'നിങ്ങൾ അനുഭവിക്കുന്ന സമാധാനവും ആശ്വാസവും ഞാൻ പഠിച്ച യുക്തിക്ക് ചേരുന്നതല്ല. അതുകൊണ്ട് നിങ്ങളത് അനുഭവിക്കാൻ പാടില്ല."
ഇങ്ങനെയൊരാൾ പറഞ്ഞാൽ അത് എത്ര അർത്ഥമില്ലാത്തതായിരിക്കും? ശാന്തിയും സമാധാനവും ജീവിതത്തിലുണ്ടാകുന്നത് യുക്തിപൂർവകമാണോ? മനുഷ്യൻ ഉണ്ടാക്കിയെടുത്ത ഒരു ചിന്താരീതിയല്ലേ യുക്തിവിചാരം അഥവാ അനുമാനം? മനുഷ്യനുണ്ടാക്കിയ യുക്തിയനുസരിച്ചാണോ മനുഷ്യനും ലോകവും ഉണ്ടായത്? ലോകപ്രസിദ്ധനായ ഒരു ശാസ്ത്രജ്ഞൻ കുറേക്കാലം മുമ്പ് പറഞ്ഞ വാക്കുകൾ ഒാർമ്മവന്നു.
'തെളിവ് എന്ന ആരാധനാ വിഗ്രഹത്തിന് മുമ്പിലാണ് ഗണിതശാസ്ത്രജ്ഞൻ ആത്മപീഡനം അനുഭവിക്കുന്നത്."
അതുപോലെ ഇവിടെയിതാ യുക്തിചിന്ത എന്ന ആരാധനാവിഗ്രഹത്തിന് മുന്നിൽ ഒരാൾ ആത്മപീഡനം അനുഭവിക്കുന്നു!