fisherman

പൂന്തുറ: പ്രളയത്തിൽ വീട് പൂർണമായും തകർന്ന് താമസയോഗ്യമല്ലാതായ ആറൻമുളയിലെ രണ്ട് കുടുംബങ്ങൾക്ക് പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾ വീട് വച്ച് നൽകുന്നു. ഇതിനായി 10 ലക്ഷം രൂപയും വകയിരുത്തി. പൂന്തുറ ഇടവക വികാരി ഫാ. ബെബിൻസന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആറൻമുളയിൽ സന്ദർശിച്ചാണ് അർഹതപ്പെട്ട ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തത്. ഒന്നാം ഘട്ടമായി ആലപ്പുഴ കണ്ടംങ്കരി, കുട്ടമംഗലം എന്നിവിടങ്ങളിലെ പ്രളയബാധിതർ ആവശ്യപ്പെട്ട വീട്ടുപകരണങ്ങൾ നല്കും. രണ്ടാം ഘട്ടമായി കൈനകരിയിലെ അറുന്നുറ്റാംപാടത്തെ 20 തകർന്ന വീടുകൾ മെയിന്റനൻസ് ചെയ്തു നൽകും. മൂന്നാം ഘട്ടമായാണ് ആറൻമുളയിൽ 2 വീടുകൾ നിർമിച്ചു നൽകുന്നത്. പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾ അവരുടെ അധ്വാനത്തിന്റെ വിഹിതത്തിൽ നിന്ന് ഇടവകയുടെ പ്രളയദുരിതാശ്വാസ നിധിയിൽ നൽകിയ 22.5 ലക്ഷം രൂപയാണ് ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ചത്. പൂന്തുറ ഇടവക വികാരി ഫാ.ബെബിൻസന്റെ നേതൃത്വത്തിൽ ആർ. ജോണി ചിന്നപ്പൻ, തദയൂസ് പൊന്നയ്യൻ, ജോയി ഡിക്രൂസ്, ഷിബു ഏലിയാസ്, ജോൺസൺ ആന്റണി എന്നിവരാണ് നേതൃത്വം നല്കുന്നത്.