തിരുവനന്തപുരം: ആർ.എസ്.എസിനെയും ബി.ജെ.പിയെയും കൂട്ടുപിടിച്ച് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വർഗീയതയെ നേരിടേണ്ടത് വർഗീയത കൊണ്ടല്ല, മതേതര കൂട്ടായ്മ കൊണ്ടാണ്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യവുമായി സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്നിൽ യു.ഡി.എഫ് നേതാക്കൾ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന ചരിത്രത്തെ സർക്കാർ വർഗീയവത്കരിക്കുകയാണ്. ഏതാനും ഹിന്ദുസംഘടനകൾ മാത്രം ചേർന്നാൽ നവോത്ഥാന ചരിത്രമാകില്ല. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ മാറ്റിയെടുത്തത് കോൺഗ്രസ് നേതൃത്വം നൽകിയ നവോത്ഥാന പ്രവർത്തനങ്ങളാണ്. 1923ലെ കാക്കിനട എ.ഐ.സി.സി സമ്മേളനത്തിൽ വച്ച് ടി.കെ. മാധവനെക്കൊണ്ട് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത് ചരിത്ര സംഭവമായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഗുരുവായൂർ, വൈക്കം സത്യാഗ്രഹം പോലുള്ള സമരപരിപാടികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്തത്. ആ നവോത്ഥാന പൈതൃകം മറ്റാർക്കും അവകാശപ്പെടാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
മതിലുകളില്ലാത്ത സമൂഹമാണ് കേരളത്തിന് വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനം കേരളത്തെ ജാതി, സമുദായ ചിന്തയിലേക്ക് കൊണ്ടുപോകുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കലാപമുണ്ടാക്കാനാണ് രാമക്ഷേത്ര അജൻഡ ബി.ജെ.പി വീണ്ടും പുറത്തെടുത്തത്.
യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.കെ. മുനീർ, കെ. മുരളീധരൻ, തെന്നല ബാലകൃഷ്ണപിള്ള, ബെന്നി ബെഹനാൻ, പി.ജെ. കുര്യൻ, വി.എസ്. ശിവകുമാർ, പി.സി. വിഷ്ണുനാഥ്, പന്തളം സുധാകരൻ, ജോസഫ് വാഴയ്ക്കൻ, ടി. ശരത്ചന്ദ്രപ്രസാദ്, ഷാനിമോൾ ഉസ്മാൻ, എൻ. പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, ജോയി എബ്രഹാം, ജോസഫ് എം. പുതുശ്ശേരി, എ.എ. അസീസ്, സി.പി. ജോൺ, ബീമാപള്ളി റഷീദ്, ജി. ദേവരാജൻ, റാം മോഹൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു.