ks

വിതുര: മലയോര മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അനുവദിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോ യാത്രക്കാരെ പെരുവഴിയിലാക്കി ബുദ്ധിമുട്ടിക്കുന്നതായി പരാതി. അശാസ്ത്രീയമായ ഒാപ്പറേറ്റിംഗ് രീതിയണ് യാത്രാദുരിതം ഇരട്ടിക്കുവാൻ ഇടയായത്. നിലവിൽ കൃത്യതയില്ലാതെയാണ് ബസുകൾ ഒാടുന്നത്. സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ ബസുകളിൽ കയറിപ്പറ്റണമെങ്കിൽ ഇടിയും, തൊഴിയും നടത്തേണ്ട അവസ്ഥയാണ്. നിറയെ യാത്രക്കാരുമായി പുറപ്പെടുന്ന ബസുകളിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്. വിതുര - നെടുമങ്ങാട് - തിരുവനന്തപുരം, വിതുര - ആര്യനാട്, വിതുര - പാലോട്, ബോണക്കാട്, പൊന്മുടി, കല്ലാർ, പേപ്പാറ റൂട്ടുകളിൽ വൻ യാത്രാക്ലേശമാണ് നിലവിൽ. യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിതുര ഡിപ്പോ പടിക്കൽ ധർണയും പൊന്മുടി റോഡ് ഉപരോധവും സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻസ് ഒഫ് റസിഡന്റ് അസോസിയേഷൻ വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വിതുര ഡിപ്പോയിൽ നിന്നും ആദിവാസി മേഖലകളിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ നിറുത്തലാക്കിയതായി ആദിവാസികൾ പരാതിപ്പെട്ടു. ഇതോടെ ആദിവാസി വിദ്യാർത്ഥികൾക്ക് നിശ്ചിത സമയങ്ങളിൽ സ്കൂളുകളിൽ എത്താൻ കഴിയുന്നില്ല. ബസുകൾ നഷ്ടത്തിലാണെന്ന പേരിലാണ് സർവീസ് നിറുത്തലാക്കിയത്. കല്ലാർ - മൊട്ടമൂട്, തലത്തൂതക്കാവ്, മണലി, മേത്തോട്ടം, ചാത്തൻകോട് എന്നീ ആദിവാസി ഉൗരുകളിലേക്ക് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസുകളാണ് നിലച്ചത്.

വിതുര, ആര്യനാട്, പാലോട് ഡിപ്പോകളിൽ അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ കലക്ഷൻ വർദ്ധിച്ചു. എന്നാൽ ഇൗ ഡിപ്പോകളിൽ നിന്നും മുമ്പ് സർവീസ് നടത്തിയിരുന്ന ബസുകളിൽ പകുതിയോളം നിലച്ചതായാണ് പരാതി.

സർവീസുകൾ വെട്ടികുറച്ചതോടെ ഡിപ്പോകളിൽ പരാതിക്കാരുടെ പ്രളയമാണ്. നേരത്തേ മൂന്ന് ബസ് ഒാടിയിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ബസ് എന്ന കണക്കിലാണ് സർവീസ് നടത്തുന്നത്. യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിപ്പോകളിൽ അനവധി സമരങ്ങളും അരങ്ങേറി.

ആര്യനാട്, വിതുര, പാലോട്, തൊളിക്കോട്, നന്ദിയോട്, മടത്തറ, ബോണക്കാട്, പൊൻമുടി, കല്ലാർ, പറണ്ടേട്, പെരിങ്ങമ്മല, തെന്നൂർ, പാങ്ങോട്, കല്ലറ, ഭരതന്നൂർ, പേപ്പാറ, പനയ്ക്കോട് മേഖലകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് വിതുര, പാലോട്, ആര്യനാട് എന്നിവിടങ്ങളിൽ ഡിപ്പോകൾ പ്രവർത്തനം തുടങ്ങിയത്. കെ.എസ്.ആർ.ടി.സിയിൽ ചെലവ് കുറച്ച് വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ഇൗ മൂന്ന് ഡിപ്പോകളും അടച്ചുപൂട്ടാനുള്ള നീക്കം നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.