uniikrishanan-nair
ഡോ.എസ്. ഉണ്ണികൃഷ്ണൻനായർ

തിരുവനന്തപുരം:ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കാനുള്ള 'ഗഗൻയാൻ' എന്ന ഭഗീരഥ ദൗത്യത്തിന്റെ അമരക്കാർ രണ്ട് മലയാളി ശാസ്ത്രജ്ഞരാണ്. കോട്ടയം സ്വദേശി എസ്. ഉണ്ണികൃഷ്ണൻനായരും കായംകുളം സ്വദേശി ആർ. ഹട്ടനും. മനുഷ്യ ദൗത്യത്തിനായി ബാംഗ്ലൂരിൽ രൂപീകരിച്ച ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെന്റർ ഡയറക്ടറായി ഉണ്ണികൃഷ്ണൻനായർ ഇന്നലെ ജോലി തുടങ്ങി. ഗഗൻയാൻ ഡയറക്ടർ ആർ.ഹട്ടനാണ്.

മഹാദൗത്യത്തിന്റെ വിജയം സ്വപ്നം കാണുന്ന ഇരുവരുടെയും വെല്ലുവിളി സമയമാണ്. 2021ഡിസംബറിലാണ് മനുഷ്യ ദൗത്യത്തിന്റെ വിക്ഷേപണം ഉദ്ദേശിക്കുന്നത്. ഇനി വെറും മൂന്ന് വർഷം. ശേഷിക്കുന്നത് സങ്കീർണ്ണമായ പദ്ധതികളും.

ജി.എസ്.എൽ.വി.മാർക്ക് ത്രീ റോക്കറ്റിലാണ് വിക്ഷേപണം. 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഒന്നരമണിക്കൂറിൽ ഒരിക്കൽ ഭൂമിയെ ഏഴുനാൾ വലംവയ്‌ക്കും. ഭ്രമണം സെക്കൻഡിൽ എട്ട് കിലോമീറ്റർ വേഗതയിൽ. ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തും. പിന്നീട് വേഗത കുറച്ച് പേടകത്തെ ഭൂമിയിലേക്ക് പതിപ്പിക്കും. പാരച്യൂട്ടുകൾ വി‌ടർന്ന് കടലിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.

ബഹിരാകാശ യാത്രികരുടെ പേടകം, വിക്ഷേപണ റോക്കറ്റ്, തിരിച്ചെത്താനുള്ള സാങ്കേതികവിദ്യ, രക്ഷാ സംവിധാനങ്ങൾ, ഭൗമാന്തരീക്ഷത്തിലെ അത്യുഗ്ര താപത്തെ നേരിടാനുള്ള കവചങ്ങൾ, സഞ്ചാരികളുടെ വസ്ത്രങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്‌തു തീർത്തു. ഇനിയും ഏറെ ചെയ്യാനുണ്ട്. ഇതുവരെ കൈവരിച്ച സാങ്കേതികവിദ്യയെല്ലാം ഒരു ബഹിരാകാശ പേടകത്തിലേക്ക് സന്നിവേശിപ്പിക്കണം. സഞ്ചാരികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം - ഉണ്ണിക്കൃഷ്‌ണൻ നായർ പറഞ്ഞു.

വെല്ലുവിളികൾ

ജി.എസ്. എൽ.വി എട്ടര ടൺ വരെയുള്ള പേടകം വിക്ഷേപിക്കും.

മനുഷ്യ ദൗത്യത്തിന് മുൻപ് അത് ആവർത്തിച്ച് ഉറപ്പാക്കണം.

ക്രൂ മൊഡ്യൂളിൽ ജീവൻ രക്ഷാ ഉപാധികൾ ഒരുക്കണം.

വാർത്താവിനിമയ സംവിധാനം വേണം.

പോകുന്നത് മുതൽ തിരിച്ചിറങ്ങുന്നത് വരെയുള്ളതെല്ലാം ഒരു സംവിധാനത്തിൽ കോർത്തിണക്കണം.

ഇതിന് നിരവധി ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ദ്ധരെയും

ഏകോപിപ്പിക്കണം.

യാത്രികരെ തിരഞ്ഞെടുക്കണം.

അവർക്ക് പരിശീലനം നൽകണം.

ബാംഗ്ളൂരിൽ അസ്ട്രനോട്ട് ട്രെയിനിംഗ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിംഗ് സെന്റർ ഒരുക്കണം.

വിദേശത്തും പരിശീലനം നൽകും

ഉണ്ണികൃഷ്ണൻനായർ

ബാംഗ്ളൂർ ഐ.ഐ.എസ്.സിയിൽ നിന്ന് എംടെക്ക്

ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റ്

1985ൽ ഐ.എസ്.ആർ.ഒയിൽ

ഫ്യൂച്ചറിസ്റ്റിക് സാങ്കേതിക വിദ്യയിൽ പങ്കാളി
 സാഹിത്യ തൽപരൻ. നാല് ചെറുകഥകൾ പ്രസിദ്ധീകരിച്ച.

വി.എസ്.എസ്.സിയിൽ കമ്പ്യൂട്ടർ എൻജിനിയറായിരുന്ന ജയ ജി.നായരാണ് പത്നി,

രണ്ട് മക്കൾ - ഐശ്വര്യയും ചൈതന്യയും.

ആർ.ഹട്ടൻ

അത്യാധുനിക ഉപഗ്രഹമായ ഹൈസിസിന്റെ മിഷൻ ഡയറക്ടറായിരുന്നു

കൊല്ലം ടി.കെ.എം.എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം

1990ൽ വി.എസ്.എസ്.സിയിൽ എത്തി

ഭാര്യ സ്വപ്ന,മക്കൾ വൈഷ്ണവ്,വീണ.