jai

തിരുവനന്തപുരം: ശിക്ഷായിളവ് നൽകി 2011ൽ 209 തടവുകാരെ വിട്ടയച്ചത് ഹൈക്കോടതി റദ്ദാക്കിയതോടെ, ശിക്ഷാകാലാവധി പൂർത്തിയാക്കാത്ത 775 പേരെ രണ്ടു ഘട്ടങ്ങളിലായി വിട്ടയയ്ക്കാനുള്ള നടപടികൾ അവതാളത്തിലായി.

കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ചും മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിക്കുമായാണ് ഇത്രയും പേരുടെ ശിക്ഷായിളവിന് സർക്കാർ അനുമതി നൽകിയത്. ഇതിൽ 739 പേർക്ക് ഇളവനുവദിക്കാനുള്ള ശുപാർശ ഗവർണർ പി..സദാശിവം അംഗീകരിച്ചതുമാണ്.

കൊലക്കേസ് പ്രതികൾ അടക്കമുള്ള 2262 തടവുകാരുടെ പട്ടികയാണ് 2016ൽ ശിക്ഷായിളവിന് ജയിൽ ഡി.ജി.പി തയ്യാറാക്കിയതെങ്കിലും, ഉദ്യോഗസ്ഥ ഉപസമിതി കൊടുംകുറ്റവാളികളെ ഒഴിവാക്കി 1,850 പേരുടെ അന്തിമപട്ടികയുണ്ടാക്കി. ഇത് മന്ത്റിസഭ അംഗീകരിച്ച് അനുമതിക്ക് സമർപ്പിച്ചെങ്കിലും ഗവർണർ തിരിച്ചയച്ചു. പിന്നീട് 739 പേരുടെ പട്ടികയിൽ ഗവർണർ ഒപ്പിട്ടെങ്കിലും ഹൈക്കോടതി തടഞ്ഞുവച്ചിരിക്കയാണ്.

ഇതിനുപിന്നാലെ, 2017ഒക്ടോബറിൽ 120 പേർക്ക് ഇളവിന് പട്ടികയുണ്ടാക്കിയെങ്കിലും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ആഭ്യന്തരസെക്രട്ടറി സുബ്രതാബിശ്വാസ്, ഡി.ജി.പി ലോക്നാഥ് ബെഹറ എന്നിവരുടെ സമിതി 84 രാഷ്ട്രീയതടവുകാരെ ഒഴിവാക്കി. 36 പേരുടെ പട്ടിക രാജ്ഭവനിലെത്തിച്ചെങ്കിലും ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ വിട്ടയയ്ക്കരുതെന്ന്, 739പേരുടെ ശിക്ഷായിളവ് സംബന്ധിച്ച കേസിൽ ഉത്തരവുണ്ടായതാണ് ഗവർണറെ ചൊടിപ്പിച്ചത്. ശിക്ഷയിളവ് നൽകാനുള്ള അധികാരത്തിൽ ഹൈക്കോടതി ഇടപെട്ടെന്ന് വിലയിരുത്തി 36 പേരുടെ ഇളവിനുള്ള ഫയൽ ഗവർണർ മടക്കുകയായിരുന്നു.

പാളിയ ശ്രമം

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് 200 തടവുകാർക്ക് ശിക്ഷായിളവിന് തിടുക്കത്തിൽ നീക്കം നടത്തിയെങ്കിലും നടന്നില്ല. ജയിൽ ഉപദേശകസമിതികളുടെ ശുപാർശയില്ലാതെ, രാഷ്ട്രീയ സ്വാധീനമുള്ളവരുടെ പട്ടിക ജയിൽ ഉദ്യോഗസ്ഥരെക്കൊണ്ട് തയ്യാറാക്കിച്ചു. ജയിൽവകുപ്പിന്റെ ശുപാർശ സർക്കാരിലെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തീരുമാനമെടുക്കാനായില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ശിക്ഷായിളവിനെ അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടറും എതിർത്തിരുന്നു. പൂജപ്പുര , നെട്ടുകാൽത്തേരി,കണ്ണൂർ വനിതാജയിൽ എന്നിവിടങ്ങളിൽ 14 വർഷം തടവുശിക്ഷ പൂർത്തിയാക്കിയ 19 പേരെ ഗവർണറുടെ അനുമതിപ്രകാരം ഇതിനിടെ വിട്ടയ്ക്കുകയും ചെയ്തു.

സുപ്രീംകോടതിൽ ബോധിപ്പിക്കുന്നത്

1) വിട്ടയച്ചവർ ബാക്കി ശിക്ഷയനുഭവിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും

2) കുടുംബമായി കഴിയുന്ന ഇവരെ പിടികൂടി ജയിലിൽ അടയ്ക്കുന്നത് സാമൂഹ്യ പ്രശ്‌നമാകാനിടയുണ്ട്

3) എല്ലാവരും നിയമം അനുസരിച്ച് ജീവിക്കുന്നവരാണ്, വിട്ടയച്ചശേഷം കേസുകളിൽ പെട്ടിട്ടില്ല

4) മാനദണ്ഡങ്ങൾ പാലിച്ചേ ഭാവിയിൽ തടവുകാരെ മോചിപ്പിക്കൂവെന്ന് സത്യവാങ്മൂലം

കണക്കെടുപ്പ്

വിട്ടയച്ച തടവുകാരുടെ 2011ലെ വിലാസം ജയിലുകളിൽ നിന്ന് ശേഖരിച്ച് സാമൂഹ്യനീതി, പൊലീസ് വകുപ്പുകൾ അന്വേഷണം നടത്തും. ഓരോരുത്തരെക്കുറിച്ചും വിശദ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകും. മരിച്ചവരുടെ വിവരം തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കും. വിട്ടയച്ചവരെക്കുറിച്ച് ഗവർണർക്കും റിപ്പോർട്ട് നഷകും.

''ഭരണഘടനാപരമായ ഗവർണറുടെ അധികാരമുപയോഗിച്ചാണ് തടവുകാരെ വിട്ടയച്ചത്. ഇതിന് ജീവപര്യന്തം തടവുകാർ 14 വർഷം ശിക്ഷയനുഭവിക്കണമെന്ന നിർബന്ധ ബാധകല്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും.''

ബി.ജി.ഹരീന്ദ്രനാഥ്, നിയമസെക്രട്ടറി