oda

കടയ്ക്കാവൂർ: ചെക്കാലവിളാകം ജംഗ്ഷനിലെ റോഡരികിലുള്ള ഓട അപകടക്കെണിയായി മാറുന്നു. പല ഭാഗത്തും ഓടയുടെ മുകളിൽ സ്ളാബുകൾ ഇല്ല. പല സ്ളാബുകളും പൊട്ടിയിരിക്കുകയാണ്. മഴക്കാലത്ത് ശക്തമായ ഒഴുക്കുള്ള ഈ ഓടയിലെ തകർച്ച റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടിന് കാരണമാകും. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കാൽനട യാത്രികർക്കും ഇത് വലിയ ദുരിതമാവും നൽകുക. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് യാത്രക്കാർ പരാതി നൽകിയതിനെ തുടർന്ന് ഒാട പുതുക്കിപ്പണിയാൻ ഒരാൾ ടെൻഡർ എടുത്തിരുന്നു. എന്നാൽ ടെൻഡർ പിടിച്ച ആൾ ജെ.സി.ബി ഉപയോഗിച്ച് സ്ളാബുകൾ ഇളക്കിമാറ്റി ഒാടയുടെ അകത്തുണ്ടായിരുന്ന മണലും മറ്റ് ചപ്പ് ചവറുകളും റോഡിന്റെ വശങ്ങളിലിട്ട് സ്ളാബുകൾ നിരത്തിയെങ്കിലും പലഭാഗത്തും സ്ളാബുകൾ ഇല്ലാത്ത അവസ്ഥയാണ്. പൊട്ടിയ സ്ലാബുകൾ മൂലം യാത്രക്കാർക്ക് ചെറിയ പരിക്കുകളും ഉണ്ടാകുന്നുണ്ട്. ചെക്കാലവിളാകം ജംഗ്ഷൻ, സ്കുളുകൾ, ബാങ്കുകൾ, സർക്കാർ - അർദ്ധസർക്കാർ - സ്വകാര്യസ്ഥാപനങ്ങൾ, കടകമ്പോളങ്ങൾ, പൊതുചന്ത, ബസ് സ്റ്റോപ്പുകൾ തുടങ്ങിയവയെല്ലാം ഇൗ ഒാടയ്ക്കും ജംഗ്ഷനും സമീപമാണ്. അതിനാൽ വാഹനത്തിരക്കും കാൽനട യാത്രക്കാരുടെ തിരക്കും ഇവിടെ വളരെ കൂടുതലാണ്. റോഡിൽ കോരിയിട്ടിരുന്ന മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാതിരുന്നതിനാൽ മഴ മൂലം മാലിന്യങ്ങൾ വീണ്ടും ഒഴുകി ഒാടയിൽ തന്നെയിറങ്ങി. വിഷയത്തിൽ പൊതുമരാമത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചിട്ടേ കോൺട്രാക്ടറുടെ ബില്ല് പാസാക്കി പണം നൽകുകയുള്ളൂവെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പു നൽകിയതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇതിന് പരിഹാരമായിട്ടില്ല.