tomin-thachankary

തിരുവനന്തപുരം: നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകൾക്ക് അനുമതി നൽകിയ ഗതാഗതവകുപ്പ് സെക്രട്ടറിക്ക് എതിരെ പരാതിയുമായി കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനപ്രകാരം നിലയ്ക്കൽ- പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്കു മാത്രമാണ് അനുമതി. പ്രളയത്തെ തുടർന്ന് പമ്പയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്തായിരുന്നു ക്രമീകരണം. ഈ തീരുമാനം മറികടന്ന്, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ 68 ബസുകൾക്കാണ് പമ്പ വരെ പോകാൻ പ്രത്യേകാനുമതി നൽകി ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇന്നലെ ഉത്തരവിറക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് സർക്കാരിന് ടോമിൻ തച്ചങ്കരിയുടെ പരാതി.

കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ കടത്തിവിടുന്നുള്ളൂ. ഇതു കാരണം, തീർത്ഥാടകർക്കായി നിലയ്ക്കൽ- പമ്പ പാതയിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നായിരുന്നു വിധി.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടർന്ന് തീർത്ഥാടകരെ നിയന്ത്രിക്കാൻ നിലയ്ക്കൽ- പമ്പ ബസുകൾ പൊലീസ് ക്രമീകരിച്ചിരുന്നു. തമിഴ്നാട് ബസുകൾ കൂടി കടത്തി വിടുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളിലും പാളിച്ചയുണ്ടാകാം. ഇപ്പോൾ

തമിഴ്നാടിനു കിട്ടിയ ആനുകൂല്യം ആവശ്യപ്പെട്ട് കർണാടകയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അനുമതി നൽകിയതെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പറഞ്ഞു.