തിരുവനന്തപുരം: തകർന്ന പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായി വള്ളക്കടവിൽ താത്കാലിക പാലം നിർമ്മിക്കുന്നതിന് 79,08,509 രൂപയുടെ ടെൻഡർ. പാലം പണി ഇഴയുന്നത് ചൂണ്ടിക്കാട്ടി ഡിസംബർ 24ന് സിറ്റി കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
രണ്ട് വർഷം മുമ്പാണ് വള്ളക്കടവ് പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പുതിയപാലം നിർമ്മിക്കണമെന്ന ഉത്തരവ് സമ്പാദിച്ചു. പണി തുടങ്ങിയതോടെ റഹീം ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജിയും ഫയൽ ചെയ്‌തു. തുടർന്നാണ് താത്കാലിക പാലത്തിനുള്ള നടപടിയുണ്ടായത്. ബസുകൾ ഉൾപ്പെടെയുള്ളവയ്‌ക്ക് സഞ്ചരിക്കാവുന്ന താത്കാലിക പാലമാണ് നിർമ്മിക്കുന്നത്.
സംസ്ഥാനത്തെ പഴക്കം ചെന്ന ഏഴ് പാലങ്ങളിലൊന്നായ വള്ളക്കടവ് പാലത്തിലെ സ്റ്റീൽ ഗർഡറുകൾ തകർന്ന നിലയിലാണ്. സ്ളാബുകളും ദ്രവിച്ചു. ദേശീയ ജലപാത ചട്ടമനുസരിച്ച് ജലനിരപ്പിൽ നിന്ന് ഏഴ് മീറ്റർ ഉയരത്തിലും, ബോട്ടുകൾക്കും മറ്റും തടസമുണ്ടാകാതെ കടന്നുപോകുന്നതിനായി 30 മീറ്റർ വീതിയിലുമാണ് പുതിയപാലം നിർമ്മിക്കുക. നിലവിൽ പാലത്തിന് നാല് മീറ്റർ ഉയരവും 11 മീറ്റർ വീതിയുമാണുള്ളത്.
ബീമാപള്ളി, വലിയതുറ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലം 1887ലാണ് പണിതത്. ഇത് യാത്രക്കാർക്ക് ഏറ്റവും എളുപ്പമേറിയ വഴിയുമായിരുന്നു. നിരവധി സ്‌കൂൾ ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്. മാത്രമല്ല ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ വെയർഹൗസിലേക്ക് വലിയ ചരക്ക് വാഹനങ്ങൾ സാധനങ്ങളുമായി എത്തുന്നതും ഇതുവഴിയായിരുന്നു.