തിരുവനന്തപുരം: വി.വി.ഐ.പികൾക്കയി 1.10 കോടി ചെലവിൽ രണ്ട് ബുള്ള​റ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാനുള്ള ഡി.ജി.പിയുടെ നടപടിക്ക് സർക്കാർ അംഗീകാരം. ഓപ്പൺ ടെൻഡ‌ർ ഇല്ലാതെ, മിത്‌സുബിഷിയുടെ പജീറോ സ്പോർട്സ് കാറുകൾ വാങ്ങാനാണ് അനുമതി. നിലവിൽ പൊലീസിന്റെ കൈവശം മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുണ്ട്.

പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ 2017ൽ പൊലീസ് മേധാവി നടപടി തുടങ്ങിയിരുന്നു. ഇതിനായി ഹിന്ദുസ്ഥാൻ മോട്ടോർ കോർപറേഷൻ ലിമി​റ്റഡിൽ നിന്ന് 30 ശതമാനം തുക മുൻകൂറായി അനുവദിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ ബുള്ള​റ്റ് പ്രൂഫ് വാഹനങ്ങൾക്ക് ഓപ്പൺ ടെൻഡർ അസാദ്ധ്യമാണെന്നായിരുന്നു ഡി.ജി.പിയുടെ നിലപാട്. ഇത്തരം വാഹനങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനികൾ കുറവായതിനാലും, താരത്യമേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതിനാലുമാണ് ഹിന്ദുസ്ഥാൻ മോട്ടോർ കോർപറേഷന് ഓർഡർ നൽകിയതെന്നും വിശദീകരിച്ചിരുന്നു.

ഈ നടപടിക്ക് അംഗീകാരം നൽകിയാണ്, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്കായി ശേഷിക്കുന്ന തുക കൂടി ചെലവിടാൻ അനുമതി നൽകിയത്. ഇപ്പോഴുള്ള മൂന്ന് ബുള്ള​റ്റ് പ്രൂഫ് വാഹനങ്ങൾ ടാ​റ്റാ സഫാരിയാണ്- രണ്ടെണ്ണം കൊച്ചിയിലും ഒന്ന് തിരുവനന്തപുരത്തും. വാഹനങ്ങളുടെ കുറവു കാരണം ചിലപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ബുള്ള​റ്റ് പ്രൂഫ് കാറുകൾ വാടകയ്ക്ക് എടുക്കേണ്ടി വരാറുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ഇസഡ് പ്ലസ് സുരക്ഷയുള്ള വി.വി.ഐ.പികളുടെ യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്നാണ് ചട്ടം.