nedumangad

നെടുമങ്ങാട്: ഹർത്താൽ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിൽ സി.പി.എം പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞ കേസിൽ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയനെ അറസ്റ്റ് ചെയ്തതിനെതിരെ കുടുംബാംഗങ്ങൾ നിയമനടപടിക്കൊരുങ്ങുന്നു. ബോംബെറിഞ്ഞ ആർ.എസ്.എസ് ജില്ലാ കാര്യവാഹ്‌ പ്രവീണുമായി പൂവത്തൂർ ജയൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. എന്നാൽ പ്രതികളിൽ ഒരാൾ പോലും ജയനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അരവിന്ദാക്ഷൻ നായർ ചൂണ്ടിക്കാട്ടി.

പ്രവീണുൾപ്പെടെ ബോംബെറിഞ്ഞ രണ്ടു പ്രതികളും ഒളിവിലാണ്. പ്രവീണിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ ഇയാളുടെ സഹോദരന്റെ റിമാൻഡ് അപേക്ഷയിലും പൂവത്തൂർ ജയനെ കുറിച്ച് പരാമർശമില്ല. ബോംബേറുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ കേസെടുത്തിരുന്നു. ഇവരെ പിടികൂടാൻ കഴിയാത്തതിന്റെ ജാള്യത മറയ്‌ക്കാൻ ജയനെ ഗൂഢാലോചന കേസിൽ കുടുക്കിയ നെടുമങ്ങാട് സി.ഐക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഭാര്യയും മുൻ നഗരസഭ കൗൺസിലറുമായ താര ജയകുമാർ പറഞ്ഞു. ഇതേസമയം റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും ചാർജ് ഷീറ്റിൽ വിശദമാക്കുമെന്നും സി.ഐ സജിമോൻ പ്രതികരിച്ചു.