തിരുവനന്തപുരം: ദേശീയ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപം എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച കേസിൽ റിമാൻഡിലായ രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരും ജാമ്യമില്ലാ കുറ്റത്തിനാണ് റിമാൻഡിലായത്. ഇക്കാര്യം അറിയിച്ച് വകുപ്പുതല നടപടിക്കുള്ള പൊലീസ് ശുപാർശയെ തുടർന്നാണ് സസ്പെൻഷൻ.
എൻ.ജി.ഒ യൂണിയൻ നേതാവ് സുരേഷ് ബാബു, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാർ എന്നിവരെ കാമറാ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് വകുപ്പു മേധാവികൾക്ക് പൊലീസ് നോട്ടീസ് നൽകി.
ഇവർ തിരുവനന്തപുരത്തു തന്നെ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. ആക്രമണത്തിനു നേതൃത്വം നൽകിയ രണ്ട് ഇടതു നേതാക്കളുടെ മൊബൈൽ ടവർ ലൊക്കേഷൻ വഴുതക്കാടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും വകുപ്പുതല നടപടിയുണ്ടാവും. പൊതുമുതൽ നശീകരണം തടയൽ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടേണ്ടിവരും. 2001ലും പണിമുടക്കിനിടെ അക്രമം നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു.