നെടുമങ്ങാട് : കാലാവധി കഴിയാത്ത ജീവൻരക്ഷാ മരുന്നുകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തി. ഫെബ്രുവരി വരെ കാലാവധിയുള്ള ഇൻസുലിൻ അടക്കം 14 ഇനം മരുന്നുകളാണ് കണ്ടെത്തിയത്. വില്പനയ്ക്കുള്ളതല്ലെന്ന് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ പരിസര പ്രദേശമായ നെട്ടയിൽ കാട് തെളിക്കുന്നതിനിടെയാണ് മരുന്നുകൾ തൊഴിലാളികൾക്ക് ലഭിച്ചത്. സബ്‌സിഡി ഇല്ലാതെ 220 രൂപ വരെ വിലയുള്ള മരുന്നുകളാണ്. ബാച്ച് നമ്പർ പരിശോധിച്ചാൽ മാത്രമേ വിതരണ കേന്ദ്രം വ്യക്തമാവൂവെന്ന് ജില്ലാമെഡിക്കൽ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. വാർഡ് കൗൺസിലർ കെ.ജെ. ബിനു ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.