1

വിഴിഞ്ഞം: മത്സ്യ ബന്ധനത്തിനിടെ ബോട്ടിൽ നിന്ന് കടലിൽ വീണു മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി മറ്റു തൊഴിലാളികൾ കടലിൽ അലഞ്ഞത് ഒന്നര ദിവസം. അതിർത്തി തർക്കത്തിന്റെ പേരിൽ തമിഴ്നാടും വിഴിഞ്ഞം തീരദേശ പൊലീസും കൈയൊഴിഞ്ഞപ്പോൾ മൃതദേഹം കരയ്ക്കെത്തിക്കാൻ ഉന്നത ഇടപെടൽ വേണ്ടിവന്നു.

കൊച്ചിയിൽ നിന്ന് കഴിഞ്ഞ പത്തിന് പത്തംഗ സംഘത്തിനൊപ്പം ബോട്ടിൽ പോയ കൊല്ലം നീണ്ടകര ഹൈവേ ഭവനിൽ ആന്റണി ലോപ്പസ് (50) ആണ് വെള്ളിയാഴ്ച പുലർച്ചെ, കരയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ കടലിൽ തെറിച്ചുവീണ് മരണമടഞ്ഞത്. ആന്റണി വീഴുന്നതു കണ്ട്. ബോട്ട് ഓടിച്ചിരുന്ന സേവ്യർ കടലിലേക്കു ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.

അടുത്തുള്ള തമിഴ്നാട്ടിലെ പട്ടണം തുറമുഖത്ത് മൃതദേഹം എത്തിച്ചെങ്കിലും അതിർത്തി തർക്കത്തിന്റെ പേരിൽ മടക്കിഅയച്ചു. തുടർന്ന് വിഴിഞ്ഞത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും തീരദേശ പൊലീസും അതിർത്തി പ്രശ്നം പറഞ്ഞതോടെ തൊഴിലാളികൾ ബുദ്ധിമുട്ടിലായി. ഒടുവിൽ ഉന്നത ഇടപെടലിനു ശേഷം ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം വിഴിഞ്ഞത്തെ പഴയ വാർഫിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പുനിതയാണ് ആന്റണിയുടെ ഭാര്യ. മക്കൾ: പ്രിയങ്ക, പ്രണവ്, പ്രിൻസ്.