തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ബി.എസ്. രാജീവ് (62) അന്തരിച്ചു. അർബുദബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8.15 നായിരുന്നു അന്ത്യം. അമ്പലമുക്കിലെ വസതിയിൽ എത്തിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി. ശ്രീധർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. 3.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും. ഭാര്യ: സിന്ധു, (പ്രോഗ്രാമർ, എസ്.സി.ഇ.ആർ.ടി). മകൾ: സ്വാതി ആർ.കൃഷ്ണൻ.
അർബുദബാധയെ തുടർന്ന് രാജീവ് ഒരു വർഷത്തോളം വിശ്രമത്തിലായിരുന്നു. നാല് ദിവസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം വഞ്ചിയൂർ, പേരൂർക്കട ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാനസമിതി അംഗവുമായിരുന്നു. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രാജീവ് യൂണിവേഴ്‌സിറ്റി കോളേജിൽ മാഗസിൻ എഡിറ്ററും കേരള സർവകലാശാല സിൻഡിക്കറ്റംഗവുമായിരുന്നു. കരുണാകരൻ സ്മാരക നഴ്‌സിംഗ് കോളേജ് മെമ്പർ സെക്രട്ടറിയുമാണ്.
രാജീവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.