നെടുമങ്ങാട്: താലൂക്കിൽ അനധികൃത കശാപ്പുശാലകളും ഇറച്ചിക്കടകളും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരാതി. രോഗം പിടിപെട്ടതും ചത്തതുമായ മൃഗങ്ങളെ രഹസ്യമായി കശാപ്പ് ചെയ്ത് വില്ക്കുന്നതായി ആരോപണമുണ്ട്. വ്യവസ്ഥകൾ പാലിക്കാതെയാണ് താലൂക്കിലെ മിക്ക ഇറച്ചിക്കടകളും പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം.
തദ്ദേശ സ്ഥാപനങ്ങളിലെ സ്ലോട്ടർ ഹൗസുകളിൽ കശാപ്പ് നടത്താതെ രഹസ്യമായി മൃഗങ്ങളെ കൊന്ന് ഇറച്ചി വില്പന നടത്തുന്നത് ഉപഭോക്താക്കളുടെ ജീവന് ഭീഷണിയാകുന്നതായി അടുത്തിടെ താലൂക്കാശുപത്രിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. കൊല്ലുന്നതിനു മുൻപ് മൃഗത്തെ കാരം കലക്കിയ കാടി കുടിപ്പിച്ചാൽ ഇറച്ചിക്ക് കൂടുതൽ തൂക്കം ലഭിക്കുമെന്നാണ് കശാപ്പുകാരിൽ പലരുടെയും വിശ്വാസം. മൃഗത്തെ കൊല്ലുന്നതിനു 3 - 4 ദിവസം മുൻപ് വൃക്കകൾക്ക് തകരാർ വരുത്തുന്ന മരുന്ന് നൽകുന്നതായാണ് ഇപ്പോഴത്തെ രീതിയെന്നും ആക്ഷേപമുണ്ട്. ഇത്തരം ഇറച്ചികൾ കഴിക്കുമ്പോൾ വൃക്ക തകരാറിലാകും. സർക്കാർ ഉടമസ്ഥതയിലുള്ള സ്ലോട്ടർ ഹൗസുകൾ സ്ഥാപിച്ച് കർശനമായ പരിശോധനയ്ക്കു ശേഷം മാത്രം മൃഗങ്ങളെ കൊല്ലാൻ ആവശ്യമായ നടപടികൾ അധികാരികൾ എടുക്കണമെന്നാണ് ആവശ്യം.
1996 ലെ പഞ്ചായത്തീരാജ്, നഗര പാലിക നിയമത്തിലെ ചട്ടം 24 പ്രകാരം പൊതുനിരത്തിൽ നിന്നും 30 മീറ്റർ അകലെ മാത്രമേ ഇറച്ചികടകൾ പാടുള്ളൂവെന്ന് നിർദ്ദേശമുണ്ട്. ഇറച്ചിവെട്ടുന്നവർ സാംക്രമികരോഗങ്ങൾ പിടിപ്പെട്ടവരല്ലെന്ന് അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കുള്ള ഡോക്ടർ സർട്ടിഫൈ ചെയ്തിരിക്കണമെന്ന് നിയമത്തിൽ പറയുന്നു. 10 വയസിന് മുകളിലുള്ള മൃഗങ്ങളെയും പണിയെടുക്കുന്നതിനു കഴിവില്ലാത്തതും പ്രത്യുല്പാദന ശേഷിയില്ലാത്തതുമായ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാൻ പാടുള്ളൂ. ഇത്തരം കശാപ്പുകൾ സ്ലോട്ടർ ഹൗസിൽ മാത്രം ചെയ്യണമെന്നതാണ് നിയമം.