thozhil

കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കിളിമാനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ധർണ നടത്തി. കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക, കുറഞ്ഞ കൂലി 500 രൂപയാക്കി ഉയർത്തുക, ജോലിസമയം 9 മുതൽ 4 വരെയാക്കുക, ഈ സാമ്പത്തിക വർഷം കുറ‍ഞ്ഞത് 150 ദിവസ ജോലി ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കിളിമാനൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ കൂട്ട ധർണാ സമരം നടത്തിയത്. ധർണ യൂണിയൻ ജില്ലാ ട്രഷറർ അഡ്വ. മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എസ്. പുഷ്പലത അദ്ധ്യക്ഷയായി. കേരള കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, യൂണിയൻ ജില്ലാ എക്സിക്യൂട്ടീവംഗം ജി. വിജയകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ ഡി. സ്മിത തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി പി.ജി. മധു സ്വാഗതവും വിക്രമൻ നന്ദിയും പറഞ്ഞു.