തിരുവനന്തപുരം: ഒരു തലനാരിഴയ്‌ക്ക് ജീവിതത്തെ എത്രത്തോളം മാറ്റിമറിക്കാനാകും? ഒരുപാട് എന്നു പറയാൻ, കാൻസർ രോഗികൾക്കായി സൗജന്യ വിഗ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ തൃശൂർ ചേലക്കോട്ടുകരക്കാരൻ എബി മാത്യുവിന് ഒട്ടും ആലോചിക്കേണ്ട! എബിയുടെ മിറക്കിൾ ചാരിറ്റബിൾ അസോസിയേഷൻ അഞ്ചു വർഷത്തിനിടെ ആയിരത്തോളം കാൻസർ രോഗികൾക്കാണ് 25 ലക്ഷത്തോളം രൂപയുടെ വിഗ് സൗജന്യമായി നൽകിയത്.
സൗന്ദര്യം മാത്രമല്ല, മുടി ആത്മവിശ്വാസം കൂടിയാണെന്ന് എബിക്കു മനസിലായത് സുഹൃത്തിന്റെ കാൻസർ രോഗിയായ മകളെ കണ്ടപ്പോഴാണ്. അവളുടെ ഇടതൂർന്ന മുടി മരുന്നുകളുടെ തീക്ഷ്ണതയിൽ കൊഴിഞ്ഞിരുന്നു. ആരുടെയും മുഖത്തു നോക്കാതെ, കുമ്പിട്ടിരുന്ന അവളെ കണ്ടിറങ്ങുമ്പോൾ എബി തീരുമാനിച്ചിരുന്നു: സൗജന്യ വിഗ് നൽകാൻ ഒരു സംരംഭം!
കോസ്‌മെറ്റിക് കമ്പനിയുടെ സെയിൽസ്‌മാൻ ആയിരുന്ന എബിക്കറിയാം, നല്ല വിഗിന്റെ വില. ചികിത്സയുടെ സാമ്പത്തിക ബാദ്ധ്യതയ്ക്കിടെ വലിയ വില കൊടുത്ത് സാധാരണക്കാർ വിഗ് വാങ്ങുന്നത് എങ്ങനെ? അതിനായാണ് മിറക്കിൾ ചാരിറ്റബിൾ അസോസിയേഷൻ രൂപീകരിച്ചത്. ഏഴ് ഇഞ്ച് മുതൽ നീളമുള്ള മുടിയാണ് വിഗിനു വേണ്ടത്. 35 ഓളം പാർലറുകാർ സഹകരിക്കാമെന്ന് ഏറ്റു. പക്ഷേ, സൗജന്യമായി വിഗ് നിർമ്മിച്ചു നൽകാൻ ആരും തയ്യാറായിരുന്നില്ല.
ഒടുവിൽ ചെന്നൈയിലെ ഒരു കമ്പനി സമ്മതിച്ചു. നിർമ്മാണക്കൂലിക്കു പകരം അതേ തുകയ്‌ക്ക് മുടി എന്ന കണ്ടിഷനിൽ!
തലമുടി ദാനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന് ഹെയർ ബാങ്ക് എന്ന വെബ്സൈറ്റും എബി തുടങ്ങി. സിനിമാതാരങ്ങൾ ഉൾപ്പെടെ മുടി ദാനം ചെയ്ത് പിന്തുണച്ചു. കൊച്ചിൻ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ചാണ് വിഗിന് ആവശ്യക്കാരെ കണ്ടെത്തുന്നത്. എബിയുടെ ഫോൺ നമ്പർ : 9847098237
കാത്തുപരിപാലിച്ച മുടി ദാനം ചെയ്യുന്നവരുടെ മുഖത്ത് ഞാൻ സങ്കടഭാവം കണ്ടിട്ടില്ല. മറ്രൊരാൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാൻ കഴിയുന്നതിന്റെ സംതൃപ്തിയാണ് അവരുടെ മുഖത്ത്.
- എബി മാത്യു