fl13districthospital

നെയ്യാറ്റിൻകര: പൈൽസിന് ചികിത്സയ്ക്കെത്തിയ രോഗിയെ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റുചെയ്തെങ്കിലും ശസ്ത്രക്രിയ നടത്താതെ പറഞ്ഞുവിടുകയും ഹെർണിയയ്ക്ക് ചികിത്സിക്കുകയും ചെയ്തതായി പരാതി. അവശനായ രോഗി ഇക്കാര്യം അറിഞ്ഞത് രണ്ടുമാസത്തിനുശേഷവും. ഇതിന്റെപേരിൽ രോഗിയും ബന്ധുക്കളും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തി ബഹളംവച്ചത് സംഘർഷത്തിനിടയാക്കി. രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിക്കടുത്തുള്ള താമസക്കാരനായ ഡോക്ടർ, തന്നെ ആക്രമിക്കാൻ ശ്രമിച്ചതായി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും രോഗി പരാതി നൽകിയിട്ടുണ്ട് .

അരുമാനൂർ ബൈജു നിവാസിൽ ബിജുവാണ് (37) പരാതിക്കാരൻ. പൈൽസ് ചികിത്സയ്ക്കാണ് ബിജു നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിയത്. ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തന്നോട് കൺസൾട്ടിംഗ് മുറിയിൽ ചെല്ലാൻ ആവശ്യപ്പെടുകയും എക്സ്റേ, ഇ.സി.ജി തുടങ്ങിയ ടെക്സ്റ്റുകൾ നടത്താൻ ആശുപത്രിക്കടുത്തുള്ള സ്വകാര്യ ക്ളിനിക് ജീവനക്കാരിയുടെ അടുത്തേക്ക് പറഞ്ഞുവിടുകയുംചെയ്തു. ടെസ്റ്റുകൾക്ക് 2000 രൂപയായി. കൈക്കൂലിയായി ഡോക്ടർ 5000 രൂപയും ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷനുമുൻപ് കൈക്കൂലി നൽകാത്തതിനാൽ ,ഓപ്പറേഷൻ നിശ്ചയിച്ച ദിവസം പൈൽസ് ബാധിച്ച ഭാഗത്ത് തുന്നലിടുക മാത്രമേ ചെയ്തുള്ളു. പിന്നീട്, തുന്നലിട്ട ഭാഗത്തെ പ്ളാസ്റ്റർ ശക്തിയായി വലിച്ചെടുത്തു. വേദനകൊണ്ട് പുളഞ്ഞ തന്റെ നിലവിളി കേട്ട് സമീപത്തെ കൂട്ടിരുപ്പുകാർ ഓടിയെത്തിയതോടെ ഡോക്ടർ സ്ഥലംവിട്ടു. അന്നേദിവസംതന്നെ ഡോക്ടർ ആവശ്യപ്പെട്ട 5000 രൂപ ഭാര്യ ബിന്ദു കൊണ്ടു കൊടുക്കുകയും ചെയ്തു. എന്നാൽ, തന്നെ അഞ്ചാംനാൾ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ഒരുമാസമായിട്ടും വേദന കുറയാത്തതുകാരണം വീണ്ടും ഇതേ ഡോക്ടറുടെ അടുത്തെത്തി. ശസ്ത്രക്രിയ വേണമെന്നായി ഡോക്ടർ. സംശയം തോന്നിയ ബന്ധുക്കൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിച്ചപ്പോൾ പൈൽസിന് ഓപ്പറേഷൻ നടത്തിയിട്ടില്ലെന്നും, ഹെർണിയയ്ക്ക് മരുന്ന് എഴുതിക്കൊടുത്തതായും കണ്ടു.

ഇവർ തിരികെ ഈ ഡോക്ടറുടെതന്നെ അടുത്തെത്തിയപ്പോൾ, തനിക്ക് അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ചുവത്രേ. തുടർന്നാണ് രോഗിയുടെ ബന്ധുക്കൾ ചേർന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിവ്യയ്ക്കും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. ഡോക്ടറെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു.