തിരുവനന്തപുരം: അച്ഛൻ പണ്ടേ ഉപേക്ഷിച്ചു പോയി. അമ്മ
വൃക്കരോഗിയായി മരണത്തിന് കീഴടങ്ങി. ജോലി തേടി അന്യനാട്ടിൽ പോയ സഹോദരനെ കാണാതായിട്ട് ഒരു വർഷം. നഷ്‌ടപ്പെടലുകളുടെ നടുവിൽ അമ്മയുടെ അതേ രോഗം വീണയെയും പിടികൂടി. രണ്ട് വൃക്കകളും തകരാറിലായി. ബി.കോം പഠനം മുടങ്ങി. ദുരിതക്കയത്തിലാണ് ഈ ഇരുപതുകാരി. എന്നിട്ടും നീരു കെട്ടി വീർത്ത മുഖത്ത് ശുഭാപ്തിയുടെ നിഴൽ. പഴയ പത്രക്കടലാസും സാധനങ്ങൾ പൊതിയുന്ന വർണക്കടലാസും പെറുക്കിക്കൂട്ടി കടലാസുപൂക്കളും അലങ്കാരവസ്‌തുക്കളും ഉണ്ടാക്കി വിറ്റ് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് വീണ.
കടുവാപ്പള്ളി തോട്ടക്കാട് തട്ടാൻവിളാകത്തിൽ പരേതയായ സുശീലയുടെ രണ്ട് മക്കളിൽ ഇളയതാണ് വീണ. തന്നെയും പറക്കമുറ്റാത്ത കുട്ടികളെയും ഉപേക്ഷിച്ച് ഭർത്താവ് പടിയിറങ്ങിയപ്പോഴും സുശീല തളർന്നില്ല. വീട്ടു ജോലിയും തൊഴിലുറപ്പ് ജോലികളും ചെയ്ത് മക്കളെ ഒരു കരയെത്തിക്കാൻ സുശീലയ്‌ക്ക് വാശിയായിരുന്നു. ശരീരത്തിന്റെ വല്ലായ്‌മകളെ അവഗണിച്ചു. മൂന്നു വർഷം മുമ്പ് ശരീരമാകെ നീരുവന്നപ്പോൾ ആശുപത്രിയിലെത്തി. രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ അമ്മയ്‌ക്ക് കൂട്ടിരുന്നു. അന്ന് വീണ ബി.കോം രണ്ടാം വർഷം പഠിക്കുകയാണ്. നഷ്ടപ്പെട്ട ക്ലാസുകൾ സുഹൃത്തുക്കളിൽ നിന്ന് നോട്ടൊക്കെ വാങ്ങി പഠിച്ചെടുക്കാമെന്ന ചിന്തയിലായിരുന്നു. പക്ഷേ, സുശീലയെ വീട്ടിലെത്തിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ വീണയുടെ ശരീരത്തിലും നീരുവന്നു. അമ്മയുടെ രോഗം തന്നെ. രണ്ടോ മൂന്നോ ഡയാലിസിസ് കൊണ്ട് ഭേദമാക്കാമെന്ന് ഡോക്ടർ അറിയിച്ചെങ്കിലും രണ്ട് വർഷമായി വീണ ആശുപത്രി കയറിയിറങ്ങുന്നു.
കഴിഞ്ഞ ജനുവരിയിൽ അമ്മ സുശീല മരിച്ചു. ഇതിനിടെ ജോലി തേടി ഗുജറാത്തിലേക്ക് പോയ സഹോദരന്റെ ഫോൺ കാളുകളും വരാതായി.
10 സെന്റ് വസ്തുവിൽ പഞ്ചായത്ത് കനിഞ്ഞ വീട്ടിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് വീണ കഴിയുന്നത്. വൃക്ക മാറ്റിവയ്‌ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അതിനായി ഒരു ഒ - പോസിറ്റീവ് ദാതാവിനെയും പണവും വേണം. ദുരിതങ്ങളിൽ നിന്ന് കരകയറ്റാൻ സന്മനസുള്ളവർ എത്തുമെന്ന പ്രതീക്ഷയിലാണ് വീണ. ഫോൺ: 9846754839.