കുളത്തൂർ: കഴിഞ്ഞ ദിവസം ടെക്‌നോപാർക്ക് ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. പരിശോധനയിൽ കഴക്കൂട്ടത്തെയും ടെക്നോപാർക്ക് പരിസരങ്ങളിലെയും ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. സമീപത്തെ ബേക്കറികളിലും വനിതാ ഹോസ്റ്റലുകളിലും പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ആഹാരവസ്‌തുക്കളും പഴകിയ എണ്ണയും കണ്ടെത്തി. കാലാവധി കഴിഞ്ഞ ബേക്കറിസാധനങ്ങൾ, ഉപയോഗശൂന്യമായ മാവ്, പച്ചക്കറി, മാംസം എന്നിവയും പിടിച്ചെടുത്തു. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം ലാബിൽ പരിശോധിച്ച് പരിശോധനാഫലം നിശ്ചിത സമയപരിധിക്കുള്ളിൽ നൽകാനും നിർദ്ദേശം നൽകി. കോർപറേഷൻ മെയിൻ ഓഫീസിലെ ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്കുമാർ, ടി. അലക്സാണ്ടർ, എസ്.പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്ഡപെക്ടർമാരായ വി.അനിൽ, സൈജു .എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം ജീവനക്കാർക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിവിധ കമ്പനികളിൽ നിന്നുള്ള അമ്പതോളം ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ടെക്‌നോപാർക്കിനുള്ളിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളിൽ നിന്ന് ആഹാരം കഴിച്ച ജീവനക്കാർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. എന്നാൽ പൈപ്പ് വെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യ വിഷബാധയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി മേയർ വി.കെ. പ്രശാന്തിന് പരാതി നൽകിയിരുന്നു.