തിരുവനന്തപുരം:സംസ്ഥാനത്തെ വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകുമ്പോഴുണ്ടാകുന്ന ഉൗർജനഷ്ടത്തിന്റെ കോടികളുടെ ബാദ്ധ്യത ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതി ബോർഡ് ഈടാക്കിയിരുന്നെന്ന് കണ്ടെത്തൽ.കെ.എസ്.ഇ.ബി.യുടെ തന്നെ കൊമേഴ്സ്യൽ വിഭാഗത്തിന്റെ പരിശോധനയിലാണ് ഈ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. പുതിയ താരിഫ് നിർണയത്തിലും ഇത് തുടരാനാണ് നീക്കം.ഗാർഹിക ഉപഭോക്താക്കൾക്ക് കൂട്ടിയും വൻകിടക്കാർക്ക് കുറച്ചും വൈദ്യുതി നിരക്ക് പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനത്തിന് പുറമേയാണ് ഈ കള്ളക്കളി.
2017 ലെ താരിഫ് നിർണയത്തിൽ 90 കോടിരൂപയുടെ അധികബാദ്ധ്യത ഗാർഹികഉപഭോക്താക്കൾ വഹിക്കേണ്ടിവന്നുവെന്ന് കൊമേഴ്സ്യൽ വിഭാഗം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് രണ്ട് ദിവസം മുൻപാണ് പുറത്ത് വന്നത്.ക്രമക്കേടിലൂടെ വ്യവസായസ്ഥാപനങ്ങൾക്ക് നൂറ്കോടിരൂപയുടെ നേട്ടമുണ്ടായെന്നും കൊമേഴ്സ്യൽ വിഭാഗം പറയുന്നു.മുപ്പതിൽ താഴെവരുന്ന വൻകിടഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഒരുകോടിയിലേറെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാദ്ധ്യത അടിച്ചേൽപിച്ചത്. പ്രതിമാസവൈദ്യുതി ബില്ലിൽ ഇതുണ്ടാക്കുന്ന മാറ്റം വളരെ ചെറിയ തുകയായതിനാൽ ആരും ശ്രദ്ധിച്ചില്ല. റെഗുലേറ്ററി കമ്മിഷൻ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കാതിരുന്നതിനാൽ കൺസ്യൂമർ ഫോറങ്ങൾ പോലും താരിഫ് തെളിവെടുപ്പിൽ ഈ പ്രശ്നം ഉന്നയിച്ചില്ല.
പവർ ഫാക്ടർ കള്ളക്കളി
പ്രതിമാസം അരക്കോടിയിലേറെ രൂപയുടെ വൈദ്യുതിവാങ്ങുന്ന വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകുമ്പോൾ ഉണ്ടാകുന്ന ഉൗർജനഷ്ടമാണ് പവർ ഫാക്ടർ. ഇൗ വൈദ്യുതിക്ക് വിലയീടാക്കാൻ വൈദ്യുതി ബോർഡിനാകില്ല. അതിനാൽ നൽകുന്ന വൈദ്യുതിയും സംഭരിക്കുന്ന വൈദ്യുതിയും തമ്മിലുള്ള അനുപാതം കണക്കാക്കി പ്രത്യേക ഫോർമുല അനുസരിച്ചാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.ഈ ശശാശരി അനുപാതം ഊർജ നഷ്ടം കുറഞ്ഞ നിലയിൽ സൂക്ഷിക്കേണ്ടത് വ്യവസായ ഉപഭോക്താക്കളുടെ ബാദ്ധ്യതയാണ്. ഉൗർജ നഷ്ടം കൂടിയാൽ വ്യവസായികൾ പിഴ അടക്കേണ്ടി വരും.ശരാശരി അനുപാതത്തിന്റെ തോത് കുറച്ച് നിശ്ചയിച്ച് കൊണ്ടാണ് കെ.എസ്.ഇ.ബി വ്യവസായികളെ പിഴയിൽ നിന്നും ഒഴിവാക്കുന്നത്.അതോടെ ഉൗർജനഷ്ടം കെ.എസ്.ടി.ബിയുടെ ബാദ്ധ്യതയാകും.ഇൗ നഷ്ടം ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കാനുള്ള കെ.എസ്.ഇ.ബി.യുടെ അഭ്യർത്ഥന റെഗുലേറ്ററി കമ്മിഷൻ അംഗീകരിക്കുകയും ചെയ്തിരുന്നു.
പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് ഉൗർജ്ജനഷ്ടം കുറയ്ക്കാൻ വ്യവസായസ്ഥാപനത്തിനാകും. എന്നാൽ സാമ്പത്തിക ബാദ്ധ്യതകണക്കിലെടുത്ത് ആരും അതിന് മുതിരാറില്ല.
'ഒരു കോടിയിൽപരം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്കും വൈദ്യുതി ബോർഡിനും അധിക ബാദ്ധ്യത വരുത്തിയ സംഭവത്തിൽ വൈദ്യുതി ബോർഡ് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാൻ തയ്യാറാകണം"
-പി.എസ്.പ്രശാന്ത്
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ്
കോൺഫെഡറേഷൻ ജന.സെക്രട്ടറി