ksrtc-bus

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയുടെ മാസ വരുമാനം 50 കോടി രൂപ വർദ്ധിപ്പിച്ച് ഓണത്തിനു മുമ്പ് ശമ്പള വർദ്ധന നടപ്പാക്കാനുള്ള പദ്ധതി മാനേജ്മെന്റ് തയ്യാറാക്കി.ജീവനക്കാരുടെ സഹകരണത്തോടെ പദ്ധതി വിജയിപ്പിച്ചാലേ ശമ്പള വർദ്ധന നടപ്പിലാകൂ. പെൻഷൻ ഒഴികെയുള്ള എല്ലാ ബാദ്ധ്യതകളും സ്വന്തമായി നിറവേറ്റാൻ കോർപ്പറേഷനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

കാര്യക്ഷമതയും വരുമാനവും വർദ്ധിപ്പിച്ച ശേഷം ശമ്പള വർദ്ധന ആലോചിച്ചാൽ മതിയെന്ന് സർക്കാർ കോർപ്പറേഷനെ അറിയിച്ചിരുന്നു. ഈ മാസം16 മുതൽ ശമ്പള വർദ്ധനയും മറ്റും ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകളുടെ സംയുക്ത സമരസമിതി. ഈ സാഹചര്യത്തിൽ വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴും പഴയ മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതി തീരുമാനിച്ചത്. ഇക്കാര്യം തൊഴിലാളി നേതാക്കളേയും ഡിപ്പോ അധികാരിളേയും അറിയിക്കും.

നിലവിൽ ശമ്പളം വർദ്ധിപ്പിച്ചാൽ കോർപ്പറേഷൻ കൂടുതൽ കടം വാങ്ങേണ്ടി വരും. അല്ലെങ്കിൽ സർക്കാർ പണം നൽകണം. ഇപ്പോൾ രണ്ടും നടക്കില്ല.

പെൻഷൻ ബാദ്ധ്യത ഒഴിവാക്കിയാൽ 50 കോടി രൂപ അധികം നേടുന്നതിലൂടെ കോർപ്പറേഷന് സ്വന്തം കാലിൽ നിൽക്കാനാവും. പ്രതിദിന കളക്‌ഷൻ ഒരു കോടി രൂപ വർദ്ധിപ്പിക്കുമ്പോൾ തന്നെ മാസ വരുമാനം 30 കോടി വർദ്ധിക്കും. ബാക്കി 20 കോടി രൂപ ടിക്കറ്റ് ഇതര വരുമാനത്തിൽ നിന്ന് കണ്ടെത്തും. അധിക ചെലവുകൾ ഒഴിവാക്കുന്നതോടെ ലക്ഷ്യം നേടാമെന്നാണ് കണക്കുകൂട്ടൽ.

ആയിരം ബസുകൾ പുതിയ റൂട്ടുകളിലേക്ക്

വരുമാനം കൂട്ടാനുള്ള പ്രധാനമാർഗം പുതിയ റൂട്ടുകളിലേക്ക് ധാരാളം ബസുകൾ ഓടിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ ജനകീയമുഖം ഇതിലൂടെ തിരിച്ചുപിടിക്കാം. കെ.എസ്.ആർ.ടി.സി ബസ് ഓടിക്കാത്ത റൂട്ടുകളിൽ സർവീസ് നടത്താം. ഈ റൂട്ടുകൾ കണ്ടുപിടിക്കാൻ ഡിപ്പോ മാനേജർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയിലെ മറ്റ് നിർദ്ദേശങ്ങൾ

 ചെലവ് കുറയ്‌ക്കാൻ സൂപ്പർവൈസർ തസ്തികൾ കുറയ്ക്കുക

 ജീവനക്കാർ, ബസ് അനുപാതം കുറയ്ക്കുക

 ലാഭകരമായ വാടകബസുകളുടെ എണ്ണം കൂട്ടുക

 കോർപ്പറേഷൻ ഭൂമിയിൽ നിന്ന് പുതിയ വരുമാനം കണ്ടെത്തുക

കണക്കുകൾ (തുക കോടിയിൽ)

 ആകെ വരവ് 196.5 ( കളക്‌ഷൻ 195 + ഇതരം 1.5)

ആകെ ചെലവ് 287.0

 അന്തരം 90.5

ഡീസൽ 90.0

ശമ്പളം 89.0

പെൻഷൻ 61.5

വായ്പ തിരിച്ചടവ് 25.0

സ്പെയർപാർട്സ് 10.0

ആനുകൂല്യഫണ്ട് 5.5

നഷ്ടപരിഹാരം 1.5

ഇൻഷ്വറൻസ് 4.5

'വരുമാനം കൂടുന്നത് ജീവനക്കാർക്ക് നേട്ടമാകും. വസ്തുതകൾ മനസിലാക്കി അവർ സമരത്തിൽ നിന്ന് പിൻമാറുമെന്നാണ് കരുതുന്നത്.''

- എ.കെ.ശശീന്ദ്രൻ, ഗതാഗത മന്ത്രി