മുടപുരം: ജലസേചന സൗകര്യം ഇല്ലാത്തതിനാൽ മുടപുരം ഏലായിലെയും മുട്ടപ്പലം, ചിറ്റാരിക്കോണം, മരങ്ങാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലെയും കൃഷികൾ കരിഞ്ഞുണങ്ങുന്നു. കൃഷി നാശത്തിലേക്ക് നീങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുമെന്ന ആശങ്കയിലാണ് കർഷകർ. പാടങ്ങൾക്ക് നടുവിലൂടെ കടന്നു പോകുന്ന മുടപുരം ഏലാ തോടിൽ ആവശ്യത്തിന് തടയണ നിർമ്മിക്കാത്തതാണ് ജലസേചനത്തിന് തടസം.
കർഷകർ തോട്ടിന് കുറുകെ മണ്ണിട്ട് താത്കാലികമായി തടയണകൾ നിർമ്മിച്ചെങ്കിലും ഇത് ശാശ്വത പരിഹാരമല്ല. മരങ്ങാട്ടുകോണത്ത് നിന്നും ചിറ്റാരിക്കോണത്ത് നിന്നും ആരംഭിക്കുന്ന തോടുകൾ തോട്ടത്തിൽക്കാവിൽ വന്ന് ഒന്നായി മുട്ടപ്പലം ഏലാക്കും മുട്ടപ്പലം ഏലാക്കും നടുവിലൂടെ മുക്കോണി വഴി ഒഴുകി ചിറയിൽ ചെന്ന് ചേരുന്നു. ഒന്നര കിലോമീറ്റർ ദൂരമുള്ള തോട്ടിൽ അഞ്ച് ഭാഗത്തെങ്കിലും തടയണ നിർമ്മിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തോടിന്റെ ഇരുകരകളിലുമുള്ള കാർഷിക വിളകൾ ഉണങ്ങി നശിച്ചുപോകും.