rlystn-model

വർക്കല: വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിൽ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടിയാരംഭിച്ചു. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപറേഷന്റെ (ഐ.ആർ.എസ്.ഡി.സി) ചുമതലയിലാണ് വികസനം. ഇതിന്റെ ഭാഗമായി ഐ.ആർ.എസ്.ഡി.സി അധികൃതർ സ്റ്റേഷനിൽ സന്ദർശനം നടത്തിയിരുന്നു. ലോക നിലവാരത്തിൽ വികസിപ്പിക്കാനുദ്ദേശിക്കുന്ന സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ വർക്കല - ശിവഗിരി ഒന്നാമതാണ്. ലോക ടൂറിസം ഭൂപടത്തിലുള്ള വിനോദസഞ്ചാരകേന്ദ്രം, പ്രസിദ്ധ തീർത്ഥാടനകേന്ദ്രം എന്നിവ പരിഗണിച്ചാണ് കേന്ദ്രസർക്കാർ വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസനമൊരുക്കുന്നത്. 600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്റ്റേഷനോട് ചേർന്ന തരിശ് പുറമ്പോക്കുൾപ്പെടെയുള്ള പ്രദേശം ഉൾപ്പെടുത്തിയാണ് വികസനം.

പ്രധാനമന്ത്റി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ തുടങ്ങിയവർ ശിവഗിരിയുടെയും വർക്കലയുടെയും വികസനം സംബന്ധിച്ച് ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരുമായി ചർച്ച നടത്തിയിരുന്നു. വർക്കലയിലേക്കും ശിവഗിരിയിലേക്കുമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നത് തീർത്ഥാടനടൂറിസം മേഖലയിൽ വൻ വളർച്ചയുണ്ടാക്കുമെന്ന് കേന്ദ്രമന്ത്റി അൽഫോൺസ് കണ്ണന്താനവും കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അഭിപ്രായവും ഇക്കാര്യത്തിൽ കേന്ദ്രം ആരാഞ്ഞിരുന്നു.

അതിനിടെ വികസനത്തിനുള്ള മെമ്മോറാണ്ടം ഒഫ് അണ്ടർസ്റ്റാൻഡിംഗ് (എം.ഒ.യു) സംസ്ഥാന സർക്കാരിന് കൈമാറി. ഇത് സംസ്ഥാന നിയമ വകുപ്പിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുത്താൽ ഐ.ആർ.എസ്.ഡി.സിയുമായി റെയിൽവേ സ്റ്റേഷൻ വികസനത്തിൽ എം.ഒ.യു ഒപ്പിടുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കും. പദ്ധതി യാഥാർത്ഥ്യമായാൽ നിരവധിപേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സാദ്ധ്യതയുമുണ്ടാകും.