തിരുവനന്തപുരം: നാളെ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ഐ.ജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമ്മീഷണറും ആറ് എസ്.പിമാരും ഉൾപ്പെടെ 975 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുക. വിമാനത്താവളം മുതൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയുള്ള പാതയോരങ്ങളും ക്ഷേത്രപരിസരവും ഇന്നു മുതൽ പൊലീസ് നിരീക്ഷണത്തിലായിരിക്കും.
വൈകിട്ട് 4.30 ന് പ്രത്യേക വിമാനത്തിൽ എത്തുന്ന പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി കൊല്ലം ബൈപാസ് ഉദ്ഘാടനമാണ്. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്രറിൽ കൊല്ലത്തേക്കു പോകുന്ന മോദി, അവിടെ ബൈപാസ് ഉദ്ഘാടനത്തിനു ശേഷം ബി.ജെ.പി പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഹെലികോപ്റ്ററിൽത്തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.
രാത്രി 7.20 മുതൽ 7.40 വരെയാണ് പ്രധാനമന്ത്രിയുടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനം. സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് പൂർത്തിയാക്കിയ തീർത്ഥാടക സൗഹൃദ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. രണ്ടു മിനിട്ടാണ് ഉദ്ഘാടന ചടങ്ങ്. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശിതരൂർ എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, മേയർ വി.കെ.പ്രശാന്ത് എന്നിവർ പങ്കെടുക്കും.
എസ്.പി.ജി ഐ.ജിയുടെ നേതൃത്വത്തിൽ ഇന്നലെ ഉദ്യോഗസ്ഥ മേധാവികൾ യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി. വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ ഇന്നു നടക്കും.എസ്.പി.ജി ഡയറക്ടർ അരുൺകുമാർ സിൻഹയ്ക്കാണ് സുരക്ഷാചുമതല.
# മോദിയുടെ പ്രവേശനം കിഴക്കേനട വഴി
പ്രധാന കവാടമായ കിഴക്കേനട വഴിയാണ് പ്രധാനമന്ത്രി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുക.സ്വദേശി ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് കിഴക്കേനടയിലെ പടികൾക്കു താഴെ തന്ത്രിമഠത്തിനു സമീപം ഒരുക്കുന്ന താത്കാലിക പന്തലിലെ വേദിയിലായിരിക്കും.വടക്കേനട വഴി പ്രവേശിക്കാനായിരുന്നു നേരത്തേയുള്ള ധാരണയെങ്കിലും ഇന്നലെ ചേർന്ന എസ്.പി.ജി അവലോകന യോഗത്തിൽ ഇതിനു മാറ്റം വരുത്തുകയായിരുന്നു.