വർക്കല: സാഹിത്യത്തിലുളള അവബോധം മനുഷ്യത്വത്തെ വർദ്ധിപ്പിക്കുമെന്ന് മുൻ വിദ്യാഭ്യാസ ഡയറക്ടറും വയലാർ അവാർഡ് ജേതാവുമായ കെ.വി. മോഹൻകുമാർ പറഞ്ഞു. മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോട്സ് അസോസിയേഷന്റെ 9-ാമത് മണമ്പൂർ ഗോവിന്ദനാശാൻ ദിന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തകഴിക്ക് സമർപ്പിച്ച സമ്മേളനത്തിൽ കവി മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ബി. മുരളി, നിരൂപകൻ ഡോ. എം.എ. സിദ്ധിക് എന്നിവർ സംസാരിച്ചു. വയലാർ അവാർഡ് നേടിയ മോഹൻകുമാറിനെ ഗോവിന്ദനാശാന്റെ ചെറുമകളും വിവർത്തകയുമായ ഡോ. ആർ.കെ. ജയശ്രീ പൊന്നാട അണിയിച്ചു. തകഴിയുടെ മകൻ ഡോ. ബാലകൃഷ്ണൻനായരുടെ ആശംസാപത്രം പി. മണിലാൽ വായിച്ചു. പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് മോഹൻകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബി. രതീഷ് കുമാർ സ്വാഗതവും ഡി. ഭാസി നന്ദിയും പറഞ്ഞു.