നെടുമങ്ങാട്‌: നഗരഹൃദയത്തിലെ വ്യാപാര സമുച്ഛയമായ റവന്യുടവർ ക്ലാസ്സ്‌ കട്ട് ചെയ്തു വരുന്ന വിദ്യാർത്ഥികളുടെ താവളമാകുന്നതായി പരാതി. യൂണിഫോം ധരിച്ച നിരവധി വിദ്യാർഥികളാണ് സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ടവറിന്റെ ഇടനാഴികളിൽ സംഘം ചേർന്ന് കറങ്ങി നടക്കുന്നത്. വിനോദത്തിനായി ക്ലാസ് കട്ട് ചെയ്ത് കറങ്ങുന്നവർ ക്രമേണ ലഹരി ഉപഭോഗത്തിലേയ്ക്ക് വഴിമാറുന്നതായാണ് സൂചന. പുകവലിക്കാനായി എത്തുന്ന കുട്ടികളുടെ എണ്ണവും കൂടുതലാണ്. ഒഴിവു നേരങ്ങളിൽ വിനോദത്തിനായി പുകവലിച്ചും മദ്യപിച്ചും തുടങ്ങുന്ന ഇവർ ക്രമേണ ലഹരിക്ക്‌ അടിമപ്പെടുകയും പണം കണ്ടെത്താൻ മോഷണത്തിലേക്ക് തിരിയുകയും ചെയ്യുന്നതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു. അടുത്ത കാലത്തായി നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കേസുകളിലെയും പ്രതികൾ വിദ്യാർത്ഥികളും പ്രായം കുറഞ്ഞവരുമാണ്. കെ.എസ്.ആർ.ടി.സി സമുച്ഛയത്തിലെ മുകൾ നിലയിലെ ആളൊഴിഞ്ഞ ഭാഗങ്ങളും ഇത്തരക്കാരുടെ സങ്കേതമായതോടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതായി എസ്.ഐ അറിയിച്ചു.