തിരുവനന്തപുരം: സാമ്പത്തിക സംവരണം വോട്ട് കിട്ടാനുള്ള ബി.ജെ.പിയുടെ അടവുനയം മാത്രമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ഐരാണിമുട്ടം എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നവീകരിച്ച ഗുരുദേവ ക്ഷേത്ര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ ഒരിടത്തും സാമ്പത്തിക സംവരണത്തെപ്പറ്റി പറയുന്നില്ല. സംവരണം ജാതീയമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ്. അപ്പോഴാണ് ഇന്ത്യയിൽ 18 ശതമാനം മാത്രമുള്ള മുന്നാക്ക വിഭാഗത്തിനു വേണ്ടി ബി.ജെ.പി സർക്കാർ ബില്ല് കൊണ്ടുവന്നത്. വോട്ട് ബാങ്ക് ചോരുന്നത് പേടിച്ച് കോൺഗ്രസും മറ്റു പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളും ബില്ലിനെ അനുകൂലിച്ചു. ബില്ല് പ്രാബല്യത്തിൽ വരാൻ പോകുന്നില്ലെന്ന കാര്യം അവർക്കെല്ലാം അറിയാം. എതിർത്ത് വോട്ട് ചെയ്ത മുസ്ലീം ലീഗ് മാത്രമാണ് ആദർശശുദ്ധിയുള്ളവർ. ബാക്കിയെല്ലാവരും അവസരവാദികളാണ്.
ഈഴവർ കുലത്തൊഴിലായ കള്ളുചെത്തി ജീവിച്ചാൽ മതിയെന്നാണ് സവർണ സമൂഹം ചിന്തിക്കുന്നത്. പണ്ട് ആർ.ശങ്കറിനെ ഇതുപറഞ്ഞ് തളർത്തിയിട്ടുണ്ട്. പിന്നീട് വി.എസ്.അച്യുതാനന്ദനെയും ഇപ്പോൾ പിണറായി വിജയനെയും ജാതി പറഞ്ഞും തൊഴിൽ പറഞ്ഞും അവഹേളിക്കുകയാണ്.
ഗുരുദേവ ധർമ്മം പാലിക്കുകയാണ് വനിതാ മതിലിൽ പങ്കെടുത്തതിലൂടെ ഈഴവർ ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. ഐരാണിമുട്ടം ശാഖാ പ്രസിഡന്റ് കെ.സണ്ണി അദ്ധ്യക്ഷനായിരുന്നു. പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, വൈസ് പ്രസിഡന്റ് ചേന്തി അനിൽ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം നെടുമങ്ങാട് രാജേഷ്, യൂണിയൻ കൗൺസിലർ കെ.പി അംബീശൻ, ഡോ.എം.അനൂജ, സുധാ വിജയൻ, കടകംപള്ളി സനൽ, വലിയതുറ ഷിബു, കമ്മിറ്റി അംഗങ്ങളായ ആർ.വിനോദ്, ശ്രീകണ്ഠൻ, എസ്.രാജേന്ദ്രൻ , എസ് ഗീതാ സനൽ, കൗൺസിലർ ബീന എന്നിവർ സംസാരിച്ചു. മുതിർന്ന ശാഖാ അംഗം ജി.ശശിധരനെ ജനറൽ സെക്രട്ടറി ആദരിച്ചു. ശാഖാ സെക്രട്ടറി എസ്.വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.മഹേഷ് കുമാർ നന്ദിയും പറഞ്ഞു.