തിരുവനന്തപുരം:കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് സമരം നടത്തുന്നവരുമായി ഖനനം നിറുത്തി ചർച്ചയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് ബോധപൂർവമാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീരം സംരക്ഷിക്കാൻ കടൽഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാൽ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം. 2000ത്തിൽപ്പരം കുടുംബങ്ങൾ ഭൂമി ഖനനത്തിനായി ലീസിന് കൊടുത്തിട്ടുണ്ട്.പതിനാറര കിലോമീറ്റർ നീളമുള്ള കടലോരത്താണ് പ്ളോട്ടുകളായി തിരിച്ച് ഖനനം നടക്കുന്നത്. ഇതിൽ നാല് പ്ലോട്ട് ഐ.ആർ.ഇയ്ക്കും നാല് പ്ലോട്ട് കെ.എം.എം എല്ലിനുമാണ്.
അറേബ്യൻ രാജ്യങ്ങളിൽ പെട്രോളും ഡീസലും ലഭിക്കുന്നത് പോലെ നമുക്ക് കടൽ തരുന്നൊരു സമ്പത്താണ് കരിമണൽ. അതു പൂർണമായും സംഭരിച്ച് സംസ്‌കരിച്ചാൽ നല്ല വിലയുള്ള ഉത്പന്നമാക്കാം. ആ പ്രക്രിയയാണ് രണ്ട് സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.