oruvathilkotta

തിരുവനന്തപുരം: സംഘടനയെ തകർക്കാൻ ഒരുമ്പെടുന്ന ശക്തികളെ ശ്രീനാരായണീയർ തിരിച്ചറിയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഒരുവാതിൽകോട്ട ശാഖ പണികഴിപ്പിച്ച ഗുരുപൂജാ ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ ശത്രുക്കൾ ഹിന്ദുക്കൾ തന്നെയാണ്. താഴ്ന്ന ജാതിക്കാരും പിന്നാക്കക്കാരും നന്നായി നടക്കുന്നതും ഉയർന്നു വരുന്നതും സവർണ വിഭാഗക്കാർക്ക് ഇഷ്ടപ്പെടില്ല. അവർ എതിർക്കുകയും ഏതു വിധേനയും തളർത്തുകയും ചെയ്യും. പിന്നാക്ക വിഭാഗക്കാർ കുലത്തൊഴിൽമാത്രം ചെയ്തു ജീവിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഈ വിചാരവും മേൽക്കോയ്മയും അനുവദിച്ചു കൊടുക്കരുത്. ഭരണ രംഗത്തുൾപ്പെടെ എല്ലാ മേഖലകളിലും പിന്നാക്ക വിഭാഗക്കാർ ഉയർന്നുവരികയും സാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്യണം.
ശാഖാ പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷനായിരുന്നു. പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, വൈസ് പ്രസിഡന്റ് ചേന്തി അനിൽ, പഞ്ചായത്ത് കമ്മിറ്റി അംഗം കടകംപള്ളി സനൽ, യൂണിയൻ കൗൺസിലർ കെ.പി. അംബീശൻ, വേണുഗോപാൽ, ശാഖാ വൈസ് പ്രസിഡന്റ് രജിത് .എം.എൽ, കരിക്കകം വാർഡ് കൗൺസിലർ ഹിമ സജി, ഡോ. എം. അനൂജ, ലേഖ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ശാഖാംഗം ഗുരുദാസിനെ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. ശാഖാ സെക്രട്ടറി ബി. കോമളകുമാർ സ്വാഗതവും പ്രഭാവതി നന്ദിയും പറഞ്ഞു.